മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സിബി മലയിൽ ടീം. 1986 ഇൽ റിലീസ് ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ തുടങ്ങി, കിരീടം, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, സദയം, ചെങ്കോൽ, ധനം, ഭരതം, മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം, ദേവദൂതൻ, ഫ്ലാഷ് എന്നീ ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തു വന്നത്. ഇതിൽ വിരലിൽ എണ്ണാവുന്ന ചില ചിത്രങ്ങൾ മാറ്റിനിർത്തിയാൽ ബാക്കിയെല്ലാ ചിത്രങ്ങളും വലിയ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളാണ്. കിരീടം, ഭരതം എന്നീ ചിത്രങ്ങൾ മോഹൻലാലിനു ദേശീയ അംഗീകാരങ്ങളും നേടിക്കൊടുത്തു. എന്നാൽ വലിയ നിരൂപക പ്രശംസയും പിൽക്കാലത്തു ടെലിവിഷനിൽ വന്നപ്പോൾ വലിയ പ്രേക്ഷക പ്രശംസയും നേടിയ ഇവരുടെ ദേവദൂതൻ എന്ന ചിത്രം തീയേറ്ററിൽ വലിയ പരാജയം നേരിട്ടിരുന്നു. അന്ന് വലിയ പ്രതീക്ഷയോടെ ചെയ്ത ആ ചിത്രത്തിന്റെ പരാജയം തന്നെ ഒരു ഡിപ്രഷനിൽ എത്തിച്ചിരുന്നു എന്ന് പറയുകയാണ് സിബി മലയിൽ. മാത്രമല്ല ആ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നില്ല എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ മനസ്സിൽ കണ്ട് എൺപതുകളിൽ ഈ ചിത്രമൊരുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു ശേഷം 2000 ഇൽ ഈ ചിത്രം വീണ്ടുമാലോചിച്ചപ്പോൾ അന്നത്തെ തെന്നിന്ത്യൻ യുവ താരമായിരുന്ന മാധവനെ നായകനാക്കാനാണ് ആലോചിച്ചത്. പക്ഷേ അദ്ദേഹം മണിരത്നത്തിന്റെ അലൈ പായുതേ എന്ന ചിത്രത്തിനായി ദീർഘനാളത്തെ കരാറിൽ ഏർപ്പെട്ടു പോയതിനാൽ വേറെ അഭിനേതാക്കളെ തേടേണ്ടി വന്നു. അപ്പോഴാണ് നിർമ്മാതാവ് സിയാദ് കോക്കറിൽ നിന്ന് കഥയറിഞ്ഞ മോഹൻലാൽ ചിത്രത്തിലഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്. അതോടെ നിർമ്മാതാവിന്റെ കൂടി താല്പര്യ പ്രകാരം തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. എങ്കിലും ഏറ്റവും മികച്ച സാങ്കേതിക പൂർണ്ണതയോടെ ചിത്രമൊരുക്കി. ചിത്രം കണ്ട സിനിമാ പ്രവർത്തകർ ഉൾപ്പെടെ ഗംഭീര അഭിപ്രായം പറഞ്ഞുവെങ്കിലും അന്ന് തീയേറ്ററിൽ ചിത്രം സ്വീകരിക്കപ്പെട്ടില്ല. മോഹൻലാൽ എന്ന നടൻ അപ്പോഴേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതൻ നിരാശപ്പെടുത്തിയിരിക്കാമെന്നുമാണ് സിബി മലയിൽ പറയുന്നത്.