മലയാളത്തിലെ പ്രശസ്ത നടനും രചയിതാവുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദശരഥ വർമയെ അവതരിപ്പിച്ചത് സംവിധായകനും രചയിതാവുമായ രഞ്ജിത്താണ്. ഒപ്പം അനൂപ് മേനോനും ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രം സംഭവിച്ചതിനെക്കുറിച്ചും ഇതിൽ രഞ്ജിത് പ്രധാന വേഷത്തിലെത്തിയതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അനൂപ് മേനോൻ. നേരത്തെ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു കിംഗ് ഫിഷ്. പക്ഷെ നേരത്തെ ഏറ്റു പോയ മറ്റു ചില ചിത്രങ്ങൾ തീർക്കേണ്ടതുണ്ടായതിനാൽ വി കെ പ്രകാശിന് പിന്മാറേണ്ടി വന്നപ്പോൾ, കിംഗ് ഫിഷിന്റെ ഷൂട്ടിംഗ് മാറ്റി വെക്കാൻ കഴിയാത്ത ഒരു സാഹചര്യം വരികയും രഞ്ജിത്തിന്റെ നിർദേശ പ്രകാരം അനൂപ് മേനോൻ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ദശരഥ വർമ്മ, ഭാസ്കര വർമ്മ എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം രഞ്ജിത്ത്, അനൂപ് മേനോൻ എന്നിവർ അവതരിപ്പിക്കുന്നത്. ദശരഥ വർമ്മ എന്ന കഥാപാത്രത്തെ രചിക്കുമ്പോഴും രചിച്ചു കഴിഞ്ഞപ്പോഴും ആ കഥാപാത്രമായി ആദ്യം മനസ്സിൽ തെളിഞ്ഞത് മോഹൻലാലിനെ ആയിരുന്നു എന്നാണ് അനൂപ് മേനോൻ പറയുന്നത്. മോഹൻലാൽ അല്ലെങ്കിൽ രഞ്ജിത് എന്നായിരുന്നു തന്റെ മനസ്സിലെ ആഗ്രഹമെന്നും, മോഹൻലാൽ ഇത്തരം റോളുകൾ നേരത്തെ ചെയ്തിട്ടുള്ളത് കൊണ്ടത് തന്നെ ഈ കഥാപാത്രത്തിന് അദ്ദേഹത്തിനെ സമീപിക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ് രഞ്ജിത്തിനെ തന്നെ ദശരഥ വർമ്മയായി ഉറപ്പിച്ചതെന്നും അനൂപ് മേനോൻ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ദിവ്യ പിള്ളൈ, നിരഞ്ജന അനൂപ്, നന്ദു, ദുര്ഗ കൃഷ്ണ, ധനേഷ് ആനന്ദ്, ആര്യൻ കൃഷ്ണ മേനോൻ, നിർമ്മൽ പാലാഴി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.