കൂടെയുണ്ടാവുമെന്നുള്ള ഉറപ്പു നൽകി ഏട്ടൻ; കണ്ണ് നിറഞ്ഞു സന്തോഷം പങ്കു വെച്ച് വിനയ്..!

Advertisement

തൃശൂർ തലോർ സ്വദേശിയായ വിനയ്‌ക്കു ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. ശേഷം ബന്ധുവിനൊപ്പവും അനാഥാലയത്തിലും വളർന്ന വിനയ് എട്ടാം ക്ലാസിനു ശേഷം സിനിമാ മോഹവുമായി മുംബൈക്ക് വണ്ടി കയറി. രാത്രി റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടിയും മറ്റും 2 വർഷത്തോളം അവിടെ കഴിഞ്ഞ വിനയ് അതിനു ശേഷം തിരുവനന്തപുരത്തേക്ക് വരികയും ഓപ്പൺ സ്കൂൾ വഴി പത്താംക്ലാസ് പരീക്ഷ ജയിക്കുകയും ചെയ്തു. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചതിനു ശേഷം കൊച്ചിയിലെ ഹോട്ടലില്‍ ജോലി ചെയ്യാനെത്തിയ വിനയ്, അതിൽ തുടർന്നാൽ സിനിമാ മോഹം നടക്കില്ല എന്ന് മനസ്സിലാക്കിയതോടെ ആ ജോലി വിട്ടു. പിന്നീട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ദുൽകർ സൽമാൻ നായകനായ കാർവാ എന്ന ഹിന്ദി ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. അതിനു ശേഷം ജീവിക്കാനായി ലോട്ടറി വിൽപ്പന തുടങ്ങിയ വിനയ് അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തിൽ വിൽപന നടത്തും. ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ച വിനയ്‌ക്കു ജിജോ ജോസഫിന്റെ വരയൻ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു വേഷവും ലഭിച്ചു.

ഇപ്പോഴിതാ വിനയിന്റെ കഥ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കഴിഞ്ഞ ദിവസം വിനയിനെ വിളിച്ചു. വിനയിനോട് ഏറെ നേരം സംസാരിച്ച അദ്ദേഹം വിനയ്‌യുടെ തുടർ പഠനത്തിനുള്ള മുഴുവൻ ചെലവുകളുമേറ്റെടുക്കും എന്നും അറിയിച്ചു. ലാലേട്ടൻ തന്നെ വിളിച്ചു എന്ന വിവരം വിനയ് തന്നെയാണ് ഒരു ടിക് ടോക് വീഡിയോയിലൂടെ എല്ലാവരോടും പറഞ്ഞത്. ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് വിനയ്. കൂടെയുണ്ടാകും എന്ന ഉറപ്പു ലാലേട്ടൻ തനിക്കു തന്നെന്നും ഒരിക്കലും മറക്കാനാവാത്ത ദിവസവും സന്തോഷവുമാണ് ലാലേട്ടൻ തനിക്കു സമ്മാനിച്ചതെന്നും വിനയ് പറയുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ ഞെട്ടലിലായിരുന്നു താനെന്നും വിനയ് പറഞ്ഞു.

Advertisement

https://www.instagram.com/p/CAS4tOOlUC7/

Advertisement

Copyright © 2017 onlookersmedia.

Press ESC to close