മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഗാന രംഗങ്ങളിൽ ഏറ്റവും മനോഹരമായി അഭിനയിക്കുന്ന നടൻ ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. പ്രേം നസീറിന് ശേഷം ഏറ്റവും മനോഹരമായി പാട്ടുകൾക്ക് ചുണ്ടു ചലിപ്പിക്കുന്ന താരമായി അന്തരിച്ചു പോയ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ വിശേഷിപ്പിച്ചതും മോഹൻലാലിനെ ആണ്. ക്ലാസ്സിക്കൽ ഗാനങ്ങൾ വരെ അത്ര മികവോടെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമല ദളം എന്നീ ചിത്രങ്ങളിലും പ്രിയദർശൻ ഒരുക്കിയ ചിത്രം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലും ക്ലാസിക്കൽ ഗാനങ്ങൾക്ക് മോഹൻലാൽ ചുണ്ടു ചലിപ്പിച്ചത് അത്ഭുതത്തോടെയാണ് പ്രേക്ഷകർ ഇന്നും കാണുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരിക്കൽ കൂടി ക്ലാസിക്കൽ സംഗീതജ്ഞൻ ആയി വേഷമിടാൻ ഒരുങ്ങുകയാണ് മോഹൻലാൽ.
ഇതുവരെ ഒഫീഷ്യൽ ആയി സ്ഥിതീകരണം ഒന്നും ലഭിച്ചിട്ടില്ല എങ്കിലും റിപ്പോർട്ടുകൾ പറയുന്നത് മുന്തിരി മൊഞ്ചൻ എന്ന ചിത്രം ഒരുക്കിയ വിജിത നമ്പ്യാർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ്. സംഗീത സംവിധായകനും കൂടിയായ വിജിത നമ്പ്യാർ പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന്‍ കൂടിയാണ്. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ് എന്നാണ് സംവിധായകൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
മോഹൻലാൽ ആണ് നായകൻ എന്ന് പറഞ്ഞിട്ടില്ല എങ്കിലും സംവിധായകൻ ഇട്ട ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ, മുന്തിരി മൊഞ്ചൻ എന്ന സിനിമയ്ക്ക് ശേഷം എൻ്റെ അടുത്ത ഡ്രീം പ്രോജെക്ടിലേക്കു കടക്കുകയാണ്. കുട്ടികാലം മുതൽ മനസ്സിൽ കണ്ട ഒരു വലിയ മോഹം. ഒരു വലിയ സിനിമയാണ് ഇത്തവണ ചെയ്യാൻ പോകുന്നത്, അതും ഒരു മഹാ പ്രതിഭയുടെ സംഗീത പ്രാധാന്യമുള്ള വലിയ ചിത്രം. ഒരു കാര്യം ഉറപ്പു തരുന്നു. ഈ ചിത്രം ശുദ്ധ സംഗീതം ഇഷ്ടപെടുന്നവർക്കും, ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന ചിത്രമായിരിക്കും. ലോകോത്തര ടെക്‌നീഷ്യന്മാർ ഈ ചിത്രത്തിന്റെ ഭാഗമായിരിക്കും. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കാം.