2012ൽ പുറത്തിറങ്ങിയ ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു മലയാളികൾക്ക് സുപരിചിതനായി മാറിയത്. ഒട്ടേറെ അവാർഡുകൾ നേടിയ ജോയ് മാത്യുവിന്റെ ആദ്യ സംവിധാന സംരംഭമായ ഷട്ടർ മികച്ച പ്രേക്ഷക പ്രതികരണവും കരസ്ഥമാക്കിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉൾപ്പെടെ മികച്ച ശ്രദ്ധപിടിച്ചുപറ്റിയ ചിത്രത്തിനുശേഷം ജോയ് മാത്യു നടനായും മലയാളത്തിലെത്തി. ആമേൻ, 1983, മങ്കി പെൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ ശൈലിയിൽ ഉള്ള അഭിനയത്താൽ അദ്ദേഹം വളരെ വേഗം ശ്രദ്ധേയനായി മാറുകയും ചെയ്തു. എഴുത്തിൽ നിന്നും സംവിധാനത്തിൽ നിന്നും എടുത്ത ചെറിയ ഇടവേളയ്ക്കു വിരാമമിട്ട് കൊണ്ട് രചന നിർവഹിച്ച ചിത്രം അങ്കിൾ കഴിഞ്ഞ വാരം പുറത്തുവന്നു. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഇതിനോടകം തന്നെ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ജോയ്മാത്യുവിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ജോയ് മാത്യുവും ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മൂന്നാർ ആസ്പദമാക്കി ഒരുക്കുന്ന ഒരു ചിത്രമാണ് വരുന്നതെന്നാണ് അറിയാൻ കഴിയുന്നത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ആദ്യ രണ്ട് ചിത്രങ്ങൾക്കുശേഷം വലിയ തോതിൽ ഉയർന്ന ചോദ്യമായിരുന്നു മോഹൻലാലും ഒന്നിച്ചുള്ള ചിത്രം. അതിനാൽ തന്നെ ആരാധകർക്കുള്ള സമാനമായിരിക്കും ചിത്രം. ലോഹം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ജോയ് മാത്യു അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കൂട്ടുകെട്ട് ആദ്യമായി എത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയും വാനോളമാണ്. ചിത്രത്തെപ്പറ്റിയുള്ള ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ലെങ്കിലും ചിത്രത്തെപ്പറ്റിയുള്ള മറ്റ് വാർത്തകളും വിവരങ്ങളും ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കും എന്ന് കരുതുന്നു.