വീണ്ടും അന്ധ കഥാപാത്രമായി മോഹൻലാൽ? ജീത്തു ജോസഫ് ചിത്രം ‘നേര്’ലെ പ്രധാന വേഷങ്ങൾ ഇവർ

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കാൻ പോകുന്ന നേര്. രണ്ട് ദിവസം മുൻപാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ, റാം സീരിസ് എന്നിവക്ക് ശേഷം മോഹൻലാൽ- ജീത്തു ടീമൊന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പതിനേഴിന് തിരുവനന്തപുരത്ത് ആരംഭിക്കും. മോഹൻലാൽ ഓഗസ്റ്റ് 25 ന് ശേഷമാണ് ഇതിൽ ജോയിൻ ചെയ്യുക. എന്നാൽ ടൈറ്റിൽ പോസ്റ്റർ വന്നപ്പോൾ മുതൽ ഇതിലെ മോഹൻലാൽ കഥാപാത്രം എന്തായിരിക്കുമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. കാരണം, ഇതിന്റെ പോസ്റ്ററിൽ ഒരു കോടതിമുറിയുടെ പശ്ചാത്തലത്തിൽ നീതി ദേവതയുടെ പ്രതിമയും, അതോടൊപ്പം ബ്രെയിൽ ലിപി എന്ന് തോന്നുന്ന രീതിയിൽ അച്ചടിച്ച ഒരു തുറന്ന പുസ്തകവും കാണാൻ സാധിക്കും.

അത് കണ്ടതോടെ ഇതിലെ മോഹൻലാൽ കഥാപാത്രം അന്ധനായ വ്യക്തിയാണോ എന്നുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയ. അങ്ങനെയാണെങ്കിൽ, ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ പ്രിയദർശൻ ചിത്രത്തിന് ശേഷം മോഹൻലാൽ അന്ധനായി അഭിനയിക്കുന്ന ചിത്രമായിരിക്കും നേര്. ഇതോടൊപ്പം മോഹൻലാൽ വക്കീൽ ആണെന്നും, സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നുമുള്ള ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടിയും വക്കീലുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് രചിച്ച ഈ ചിത്രം ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

Advertisement

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്നത് പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ എന്നിവരാണെന്നാണ് സൂചന. വിഷ്ണു ശ്യാം സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ്‌ വിനായക്, കാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close