അഭിനയ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടിയെ കുറിച്ച്, മലയാളത്തിന്റെ മറ്റൊരു അഭിനയ ഗോപുരമായ മോഹൻലാൽ ഗൃഹലക്ഷ്മി മാഗസിനിൽ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. സിനിമയ്ക്കു വേണ്ടി ഏറ്റവും ഭംഗിയായി തന്റെ ശരീരം മമ്മൂട്ടി സംരക്ഷിക്കുന്നതിന് കുറിച്ചും മോഹൻലാൽ പറയുന്നു. സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത് എന്നാണ് മമ്മൂട്ടി പറയാറുള്ളതെന്നും അത് സത്യന്‍ അന്തിക്കാട് ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ട് എന്നും മോഹൻലാൽ പറയുന്നു. മമ്മൂട്ടിയുടെ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നുവെന്നും ഉയരങ്ങളിലേക്ക് മമ്മൂട്ടി കഠിനാധ്വാനത്തിലൂടെയാണ് കയറിപ്പോയതെന്നും മോഹൻലാൽ കുറിക്കുന്നു. പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന് താൻ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും എന്ന് പറയുന്ന മോഹൻലാൽ, ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നും കുറിച്ചു.
ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലർത്തുന്നു എന്നും ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം, അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം എന്നും മോഹൻലാൽ വിശദീകരിക്കുന്നു. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ താൻ കണ്ടിട്ടുള്ളു, അത് മമ്മൂട്ടിയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. ആയുർവേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല എന്ന് പറഞ്ഞ മോഹൻലാൽ, ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ് എന്നും കൂട്ടിച്ചേർത്തു. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല എന്നും ആര് നിർബന്ധിച്ചാലും അതിനു മമ്മൂട്ടി വഴങ്ങില്ല എന്നും മോഹൻലാൽ തന്റെ ലേഖനത്തിൽ കുറിച്ചു.