![](https://i0.wp.com/onlookersmedia.com/wp-content/uploads/2021/07/mohanlal-talks-about-his-classic-movie-thazhvaram-after-watching-it-recently.jpg?fit=1024%2C592&ssl=1)
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സിനിമാ ജീവിതത്തിൽ 43 വർഷങ്ങൾ പിന്നിടുമ്പോഴും മലയാളത്തിലെ ഏറ്റവും തിരക്കുള്ള, താരമൂല്യമുള്ള നടനാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ എന്ന വിശേഷണം ഉള്ള ഈ അഭിനേതാവ് ഇനി ചെയ്യാൻ പോകുന്നത് ബ്രോ ഡാഡി, ട്വൽത് മാൻ, ബറോസ്, റാം എന്നീ ചിത്രങ്ങൾ ആണ്. ഇത് കൂടാതെ മരക്കാർ, ആറാട്ട് എന്നീ മോഹൻലാൽ ചിത്രങ്ങൾ റിലീസിനും തയ്യാറെടുക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നര വർഷ സമയത്തു കൂടുതൽ നേരവും ലോക്ക് ഡൗണിലായത് കൊണ്ട് തന്നെ തന്റെ ഒട്ടേറെ പഴയ ചിത്രങ്ങൾ അപ്പോഴാണ് മോഹൻലാൽ പൂർണമായും കണ്ടത്. അതിൽ തന്നെ തന്റെ കരിയറിലെ ക്ലാസിക് ആയി മാറിയ താഴ്വാരം അടക്കമുള്ള ചിത്രങ്ങൾ കണ്ട മോഹൻലാൽ പറയുന്നത് അത്തരം കഥാപാത്രങ്ങൾ ലഭിച്ചതാണ് ഒരു നടനെന്ന നിലയിൽ ലഭിച്ച ഭാഗ്യമെന്നാണ്.
എം ടി വാസുദേവൻ നായർ രചിച്ചു ഭരതൻ സംവിധാനം ചെയ്‌ത ചിത്രമാണ് താഴ്വാരം. മോഹൻലാൽ കാഴ്ചവെച്ച വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ആ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അത്തരം പ്രകടനങ്ങൾ സംഭവിക്കുന്നത് അതിന്റെ തിരക്കഥ, സംവിധാനം, കൂടെ അഭിനയിക്കുന്നവരുടെ പിന്തുണ അങ്ങനെ ഒട്ടേറെ ഘടകങ്ങൾ ചേർന്നു വരുന്നത് കൊണ്ടാണെന്നും അതുപോലെ ഉള്ള സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു നടൻ ആയി മാറിയത് ഒരനുഗ്രഹം ആയി കാണുന്നു എന്നും മോഹൻലാൽ പറയുന്നു. നാൽപ്പതു വർഷത്തിലധികം നീണ്ട സിനിമാ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധായകൻ ആയി മാറുന്ന ബറോസ് കൂടി ഒരുങ്ങുകയാണ് ഇപ്പോൾ. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.