മലയാളത്തിലെ ഒരുവിധപ്പെട്ട എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും കൈവശമുള്ള താരമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരം എന്ന വിശേഷണം നമ്മുക്ക് ചാർത്തി നല്കാനാവുക മോഹൻലാലിന് മാത്രമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ റെഗുലർ ഷോയിൽ കളിച്ച സിനിമ മുതൽ, ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ ഉള്ള താരവും, ഇപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റ് കൈവശമുള്ള താരവും, ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വിജയങ്ങളും ഉള്ള താരവും മോഹൻലാൽ ആണ്. കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം മലയാള സിനിമയ്ക്കു ഒരു മാർക്കറ്റു സൃഷ്ടിച്ചതും സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ടോപ് റെക്കോർഡുകൾ കൈവശമുള്ളതുമായ ഒരേയൊരു മലയാള നടനും മോഹൻലാൽ ആണ്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതിയ ഒരു ചരിത്രം കൂടി സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ഒടിയൻ മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റിലീസിന് ആണ് ഒരുങ്ങുന്നത്. കേരളത്തിലെ തൊണ്ണൂറു ശതമാനം തിയേറ്ററുകളിലും ഒടിയൻ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളിൽ ഒടിയൻ കേരളത്തിൽ ചാർട്ട് ചെയ്തു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല , ലോകമെമ്പാടും അതേ ദിവസം തന്നെയാണ് ഒടിയൻ റിലീസ് ചെയ്യുക. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും, അമേരിക്ക , യു കെ, ഓസ്ട്രേലിയ, യൂറോപ് എന്നിവിടങ്ങളിൽ എല്ലാം ചരിത്രം കുറിക്കുന്ന റിലീസ് ആണ് ഒടിയൻ ടീം പ്ലാൻ ചെയ്യുന്നത്. ഇപ്പോൾ നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണി ആണ്. ഈ ചിത്രത്തിലും അതിഥി താരമായി എത്തിയ മോഹൻലാലിന്റെ സാന്നിധ്യമാണ് ഇത്രയും സ്ക്രീനുകൾ കായംകുളം കൊച്ചുണ്ണിക്ക് നേടിക്കൊടുത്തത്.