![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/04/mohanlal-sreenivasan-team-unite-with-sathyan-anthikkad-again.jpg?fit=1024%2C592&ssl=1)
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം. ഇവർക്കൊപ്പം രചയിതാവായി ശ്രീനിവാസനും കൂടി വന്നപ്പോഴൊക്കെ ആ ചിത്രങ്ങൾ ക്ലാസിക് ഹിറ്റുകളായി മാറി. ശ്രീനിവാസൻ ഇല്ലാതെയും മോഹൻലാലുമൊത്തു സൂപ്പർ വിജയങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള നായക താരവും മോഹൻലാൽ ആണ്. ഇപ്പോഴിതാ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം ഒരുമിക്കാൻ പോവുകയാണ്. അതോടൊപ്പം ശ്രീനിവാസനും ഇവർക്കൊപ്പം എത്തുകയാണ്. മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ടീമിൽ നിന്ന് ഒരു ചിത്രം വരുന്നത് 33 വർഷങ്ങൾക്കു ശേഷമാണു. വരവേൽപ്പ് എന്ന, 1989 ഇൽ റിലീസ് ആയ ചിത്രമാണ് ഇവർ മൂവരും ഒന്നിച്ച അവസാന ചിത്രം.
ഇപ്പോഴിതാ തങ്ങൾ ഒരുമിച്ചുള്ള ഒരു ചിത്രം വരികയാണ് എന്ന വാർത്ത സത്യൻ അന്തിക്കാട് തന്നെയാണ് പുറത്തു വിട്ടത്. അത്തരത്തിൽ ഒരു ചിത്രത്തിന്റെ പ്രവർത്തനത്തിൽ ആണെന്നും ഒരുപാട് വൈകാതെ അത് സംഭവിക്കും എന്നും സത്യൻ അന്തിക്കാട് അടുത്തിടെ നടന്ന ഒരഭിമുഖത്തതിൽ വ്യക്‌തമാക്കി. മാത്രമല്ല, ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രമുഖ യുവ താരവും നിർണ്ണായക വേഷത്തിൽ എത്തുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ജയറാം നായകനായി എത്തിയ മകൾ എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ പുതിയ റിലീസ്. മോഹൻലാൽ കഴിഞ്ഞാൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ച നായകനാണ് ജയറാം. മീര ജാസ്മിൻ ആണ് മകൾ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.