![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/mohanlal-sreenivasan-sathyan-anthikad-team-uniting-again.jpg?fit=1024%2C592&ssl=1)
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ടീമുകളിൽ ഒന്നാണ് മോഹൻലാൽ- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം. ഇവർ ഒന്നിച്ചെത്തിയിട്ടുള്ള ഏകദേശമെല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റുകളാണ്. ടി പി ബാലഗോപാലൻ എം എ, സന്മനസ്സുള്ളവർക്കു സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണ പ്രവേശം, വരവേൽപ്പ് എന്നിവയാണ് ഈ കൂട്ടുകെട്ട് ഒന്നിച്ച ചിത്രങ്ങൾ. ഇവയെല്ലാം തന്നെ വമ്പൻ വിജയം നേടിയവയാണെന്നു മാത്രമല്ല ഇന്നും മലയാള സിനിമാ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ക്ലാസിക് ചിത്രങ്ങളാണ്. മോഹൻലാൽ- ശ്രീനിവാസൻ ടീം പ്രിയദർശനൊപ്പവും മറ്റു സംവിധായകർക്ക് ഒപ്പവും ചെയ്ത ചിത്രങ്ങളും, അതുപോലെ മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം മറ്റു രചയിതാക്കൾക്കൊപ്പം ചെയ്ത ചിത്രങ്ങളും സൂപ്പർ വിജയങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഇവർ മൂവരും മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വിജയ ടീമാണ്. മോഹൻലാൽ- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമിൽ നിന്ന് അവസാനം പുറത്തു വന്നത് സൂപ്പർ ഹിറ്റായ വരവേൽപ്പാണ്.
ഇപ്പോഴിതാ നീണ്ട മുപ്പത്തിയൊന്നു വർഷങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി ശ്രീനിവാസൻ രചിച്ചു സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഉണ്ടാക്കാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്. സത്യൻ അന്തിക്കാട് അടുത്തതായി ചെയ്യുന്നത് ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചിച്ചു മമ്മൂട്ടി നായകനാവുന്ന ചിത്രമാണ്. അതിനു ശേഷമായിരിക്കും ശ്രീനിവാസൻ- മോഹൻലാൽ ടീമിനെ വെച്ചുള്ള ഒരു ചിത്രമൊരുക്കുക. ആശീർവാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും സൂചനയുണ്ട്. ഏതായാലും മലയാള സിനിമയിലെ ഈ എവർ ഗ്രീൻ ടീമിനെ ഒരിക്കൽ കൂടി ഒന്നിച്ചു കാണാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകരും ആരാധകരും.