
പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഇരട്ട ആൺകുട്ടികളിൽ ഒരാളാണ് അഖിൽ സത്യൻ. ഇപ്പോൾ ഫഹദ് ഫാസിലിനെ നായകനാക്കി തന്റെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ് അഖിൽ സത്യൻ. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടനാണ് മോഹൻലാൽ. അതുപോലെ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നുമാണ്. കടുത്ത മോഹൻലാൽ ആരാധകരാണ് സത്യന്റെ മക്കളും സംവിധായകരുമായ അനൂപ് സത്യനും അഖിൽ സത്യനും. ഇപ്പോഴിതാ 31 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രം വരുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് അഖിൽ സത്യൻ. ചിത്രം എന്ന് തുടങ്ങും എന്ന് തനിക്കു ഇപ്പോൾ പറയാനാവില്ല എങ്കിലും ചിത്രം വരുമെന്ന് ഉറപ്പു പറയുകയാണ് അഖിൽ. ഞാന്‍ പ്രകാശന്‍ ചെയ്യുന്ന സമയത്ത് തന്നെ ശ്രീനി അങ്കിളും അച്ഛനും കൂടി ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ട് ആ ത്രെഡില്‍ എന്നും അഖിൽ പറഞ്ഞു.
കഥ കേട്ടത് മുതൽ മോഹൻലാൽ സാറും ഓകെ ആണെന്നും ചിത്രം എന്ന് തുടങ്ങാം എന്നാണ് അദ്ദേഹം ചോദിക്കുന്നതെന്നും അഖിൽ വെളിപ്പെടുത്തി. പ്രേക്ഷകർ കൊതിക്കുന്ന ഒരു ലാല്‍- ശ്രീനിവാസന്‍ കൂട്ടിലെ ഹ്യൂമറുള്ള കഥയാണ് സംഭവം എന്നും ഇനി അച്ഛന്റെ തിരക്കുകളും ശ്രീനി അങ്കിളിന്റെ ആരോഗ്യവും ഒന്ന് ശരിയായാല്‍ ഉടനെ തന്നെ തിരക്കഥ എഴുതി ചിത്രത്തിലേക്ക് കടക്കുമെന്നും അഖിൽ വ്യക്തമാക്കി. താൻ തന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് ആ പടത്തില്‍ അസിസ്റ്റ് ചെയ്യാന്‍ റെഡിയായിരിക്കുകയാണ് എന്നും അഖിൽ കൂട്ടിച്ചേർത്തു. ദി ക്യൂ എന്ന ഓൺലൈൻ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് അഖിൽ സത്യൻ മനസ്സ് തുറന്നതു. പാച്ചുവും അത്ഭുവിളക്കും എന്നാണ് അഖിൽ സത്യൻ- ഫഹദ് ഫാസിൽ ചിത്രത്തിന്റെ പേര്. അഖിലിന്റെ ഇരട്ട സഹോദരൻ അനൂപ് സത്യൻ കഴിഞ്ഞ വർഷമാണ് വരനെ ആവശ്യമുണ്ട് എന്ന സുരേഷ് ഗോപി- ശോഭന- ദുൽഖർ സൽമാൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ചത്.