ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിലെ സത്യനാഥൻ. തൂക്കിലേറ്റാൻ വിധിക്കപ്പെട്ടു ജയിലിൽ കിടക്കുന്ന സത്യനാഥന്റെ വിഭ്രമാത്മകമായ മാനസിക തലങ്ങൾ മോഹൻലാൽ എന്ന നടൻ അഭിനയിച്ചു ഫലിപ്പിച്ചത് അത്ഭുതകരമായ അനായാസതയോടെയാണ്. താൻ എഴുതി വെച്ചതിലും ചിന്തിച്ചതിലും എത്രയോ ഉയർന്ന മാനമാണ് മോഹൻലാൽ സത്യനാഥന് പകർന്നു നൽകിയതെന്ന എം ടി വാസുദേവൻ നായരുടെ വാക്കുകൾ മാത്രം മതി ഈ നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മികവിനെ അടയാളപ്പെടുത്താൻ. ഇപ്പോഴിതാ സദയം എന്ന ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും കഴിഞ്ഞ ദിവസം മോഹൻലാൽ തന്നെ മനസ്സ് തുറന്നിരിക്കുകയാണ്.
മാതൃഭൂമി ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. സദയം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ചെയ്തതെന്നാണ് മോഹൻലാൽ പറയുന്നത്. സദയം റിലീസ് ആയ ശേഷം ഒരു പാട് പേര്‍ വിളിച്ചു മോഹന്‍ലാല്‍ ഇത് പോലത്തെ സിനിമയില്‍ അഭിനയിക്കരുതെന്നും അത് താങ്ങാന്‍ പറ്റുന്നില്ലെന്നും പറഞ്ഞിട്ടുള്ള കാര്യം മോഹൻലാൽ ഓർത്തെടുക്കുന്നു. ദൈര്‍ഘ്യം കാരണം ആ സിനിമയിലെ ഒരു പാട് സീനുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ആ സീനുകള്‍ ഉണ്ടെങ്കില്‍ ആ സിനിമ ഇനിയും പവര്‍ ഫുള്‍ ആകുമായിരുന്നു എന്നുമദ്ദേഹം പറയുന്നു. സദയത്തില്‍ താൻ കിടന്ന ജയിലില്‍ ആണ് റിപ്പര്‍ ചന്ദ്രനും അതിന് മുമ്പ് ബാലകൃഷ്ണനും കിടന്നിരുന്നത് എന്ന കാര്യവും വെളിപ്പെടുത്തിയ മോഹൻലാൽ തന്നെ സിനിമയില്‍ തൂക്കിക്കൊല്ലുന്നത് ചിത്രീകരിക്കാന്‍ ഉപയോഗിച്ച കയര്‍ 13 വര്‍ഷം മുമ്പ് മറ്റൊരാളെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയര്‍ ആയിരുന്നു എന്നതും ഓർത്തെടുത്തു.
അന്നത്തെ ജയിലര്‍ ആ ഷോട്ട് എടുക്കുമ്പോള്‍ കരയുന്നുന്നത് താൻ കണ്ടു എന്നും ഷോട്ടിന് ശേഷം എന്തിന്നാണ് കരയുന്നതു എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ മോഹന്‍ലാല്‍ കുറ്റം ചെയ്തില്ലല്ലോ പിന്നെന്തിനാ ഇങ്ങനെ എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് എന്നും മോഹൻലാൽ പറയുന്നു. ജൂലിയസ് സീസർ എന്നൊരു മൾട്ടിസ്റ്റാർ ചിത്രം ഒരുക്കാൻ പ്ലാൻ ചെയ്തത് ഉപേക്ഷിച്ചാണ് സദയത്തിൽ എത്തിയതെന്നും സംവിധായകൻ സിബി മലയിൽ ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.