ബറോസ് എന്ന ആദ്യ സംവിധാന സംരംഭത്തിന്റെ ഒരുക്കങ്ങൾ എവിടം വരെയായി, എന്തൊക്കെയായി; വിശേഷങ്ങൾ പങ്കു വെച്ചു മോഹൻലാൽ..!

Advertisement

നാൽപ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമയുടെ നട്ടെല്ലായി നിലകൊള്ളുന്നയാളാണ് മോഹൻലാൽ എന്ന മഹാനടൻ. അഭിനയത്തിനൊപ്പം നിർമ്മാതാവും ഗായകനായുമൊക്കെ മോഹൻലാൽ തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് താൻ ഒരു ചിത്രം സംവിധാനം ചെയ്യാൻ പോവുകയാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഒരു ബ്രഹ്മാണ്ഡ ഫാന്റസി ത്രീഡി ചിത്രമാണ് താൻ സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നവോദയ ജിജോ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഈ വർഷം ജൂൺ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പാകത്തിനാണ് പ്രീ പ്രൊഡക്ഷൻ ജോലികൾ മുന്നോട്ടു പോയതെങ്കിലും ലോകം മുഴുവനുമുണ്ടായ കോവിഡ് 19 മഹാമാരി എല്ലാം തകിടം മറിച്ചു. ഇപ്പോഴിതാ ബറോസ് എന്ന ചിത്രത്തിന്റെ ഒരുക്കങ്ങൾ എവിടം വരെയായി എന്നും എപ്പോൾ തുടങ്ങാൻ സാധിക്കുമെന്നുമുള്ള വിശേഷങ്ങൾ മോഹൻലാൽ പങ്കു വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ചു കൊടുത്ത അഭിമുഖങ്ങളിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ജൂണിൽ ഷൂട്ടിംഗ് തുടങ്ങാൻ ഇരുന്നതാണ് ബറോസ് എന്നും അതിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഏകദേശം പൂർത്തിയായി എന്നും മോഹൻലാൽ പറയുന്നു. എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നവരിൽ കൂടുതൽ പേരും അമേരിക്ക, സ്പെയിൻ, പോർട്ടുഗൽ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവരായതു കൊണ്ട് തന്നെ അവരുടെ ലഭ്യത ഇന്നത്തെ സാഹചര്യത്തിൽ ഉറപ്പു വരുത്താനാവില്ല എന്നും അതുകൊണ്ടു തന്നെ കോവിഡ് 19 ഭീഷണി ഒഴിഞ്ഞതിനു ശേഷം ഈ വർഷം അവസാനമോ അടുത്ത വർഷമോ ബറോസ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന് മുൻപ് രണ്ടു മലയാള ചിത്രങ്ങൾ താൻ അഭിനയിച്ചു തീർക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇപ്പോൾ നീട്ടി വളർത്തിയിരിക്കുന്ന ഈ താടി ബറോസിന് വേണ്ടിയുള്ളതല്ലെന്നും അതിന്റെ സമയമാവുമ്പോൾ ഇതിലും നീളമുള്ള താടിയാണ് വളർത്താൻ പോകുന്നത് എന്നും മോഹൻലാൽ പറയുന്നു. മോഹൻലാൽ തന്നെയാണ് ടൈറ്റിൽ കഥാപാത്രമായ ബറോസിന് ജീവൻ പകരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close