മലയാളത്തിലെ ഏക്കാലത്തെയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായ ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് മലയാള സിനിമയിലെ മറ്റൊരു ഇതിഹാസ താരമായ മോഹൻലാൽ. ജയനൊപ്പം തന്റെ കരിയറിന്റെ തുടക്കകാലത്തിൽ തന്നെ ഒരു ചിത്രത്തിലഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് താനെന്നു മോഹൻലാൽ പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജയന്‍ സ്‌പെഷ്യല്‍ പതിപ്പിന് വേണ്ടിയാണു ജയനൊപ്പമുള്ള ഓര്‍മ്മകള്‍ മോഹൻലാൽ പങ്കു വെച്ചത്. തന്റെ കോളേജ് കാലത്ത് നസീര്‍ സാറും മധു സാറുമായിരുന്നു ഹീറോകള്‍ എന്നും, എന്നാൽ തന്റെ അരങ്ങേറ്റ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്യുന്ന സമയമായപ്പോഴേക്കും ജയൻ മലയാളത്തിലെ താരരാജാവായി മാറിയിരുന്നുവെന്നും മോഹൻലാൽ ഓർത്തെടുക്കുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം മോഹൻലാൽ രണ്ടാമതായി അഭിനയിച്ച ചിത്രമായ സഞ്ചാരിയിലൂടെയാണ് ഇരുവരും തിരശീല പങ്കിട്ടത്. നസീറും ജയനും നായകരായ ചിത്രത്തില്‍ മോഹൻലാൽ ആയിരുന്നു പ്രധാന വില്ലൻ. ഈ ചിത്രത്തിൽ മോഹൻലാലും ജയനുമൊന്നിച്ചുള്ള രണ്ടു സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചത്. ത്യാഗരാജൻ മാസ്റ്റർ സംഘട്ടന സംവിധാനം നിർവഹിച്ച ആ ചിത്രത്തിലെ ആക്ഷൻ ചെയ്യുമ്പോൾ ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തെക്കുറിച്ചു പലപ്പോഴും ജയന്‍ ഉപദേശിച്ചു എന്നും സൂക്ഷിക്കണം അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടുകൂടി ചെയ്യണം എന്നായിരുന്നു ആ ഉപദേശമെന്നും മോഹൻലാൽ പറയുന്നു.
ആ ഉപദേശം ഇന്നും താന്‍ ഏറെ വിലമതിക്കുന്നെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഇന്നും ഡ്യൂപ്പില്ലാതെ ആക്ഷൻ ചെയ്യുന്ന മോഹൻലാൽ മലയാള സിനിമയിൽ ഏറ്റവും ഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നായക നടനാണ്. സഞ്ചാരിയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഒരിക്കൽ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നപ്പോൾ മാറി നില്‍ക്കുകയായിരുന്ന തന്നെ ചൂണ്ടി ജയന്‍ പറഞ്ഞത്, പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും എന്നാണെന്നും പുതുമുഖമായ തനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്ന വാക്കുകളായിരുന്നു അതെന്നുമാണ് മോഹൻലാൽ പറയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത്, മോനെ. കാണാം എന്നായിരുന്നുവെന്നും, സഞ്ചാരി കഴിഞ്ഞ് താന്‍ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് കോളിളക്കത്തിന്റെ സെറ്റില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിച്ചുവെന്ന വാര്‍ത്തയറിയുന്നത് എന്നും മോഹൻലാൽ ഓർത്തെടുക്കുന്നു. ഏവരും അക്ഷരാർത്ഥത്തിൽ തകർന്നു പോയി ആ വാർത്തയിലെന്നും ഒരു നടന്റെ വിയോഗത്തില്‍ ആരാധകര്‍ ഇത്രയും കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ല എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.