മോഹൻലാൽ-പ്രിയദർശൻ-എം ടി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിച്ചു

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഓളവും തീരവും. കഴിഞ്ഞ മാസം ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൻറെ ഡബ്ബിങ് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മോഹൻലാൽ കഴിഞ്ഞ മാസം തന്നെ ഇതിന്റെ ഡബ്ബിങ് ജോലികളിൽ ജോയിൻ ചെയ്തിരുന്നു. ഇപ്പോൾ ഇതിലെ നായികാ വേഷം ചെയ്യുന്ന ദുർഗാ കൃഷ്ണയും ഡബ്ബിങിന് ജോയിൻ ചെയ്ത് കഴിഞ്ഞു. ഹരീഷ് പേരാടി, മാമുക്കോയ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. എം ടി വാസുദേവൻ നായർ തിരക്കഥ രചിച്ച ഈ ചിത്രം, ഇതേ പേരിൽ 1970 ഇൽ റിലീസ് ചെയ്‌ത പി എൻ മേനോൻ ചിത്രത്തിന്റെ പുനരാവിഷ്കാരമാണ്.

നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന പത്ത് എം ടി കഥകളുടെ ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമാണ് ഈ മോഹൻലാൽ – പ്രിയദർശൻ ചിത്രം. 1970 ഇൽ പി എൻ മേനോൻ ഒരുക്കിയ ചിത്രത്തിൽ  പ്രധാന വേഷങ്ങൾ  ചെയ്തത് മധു, ഉഷ നന്ദിനി, ജോസ് പ്രകാശ്, നെല്ലിക്കോട് ഭാസ്‌കരൻ എന്നിവരാണ്. മലയാള സിനിമയെ മദ്രാസിലെ സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും മോചിപ്പിച്ച്, വാതിൽപ്പുറ ചിത്രീകരണത്തിലേക്കു കൈപിടിച്ച് നടത്തിയ ചിത്രമെന്ന പ്രത്യേകത കൂടി ഈ പി എൻ മേനോൻ ചിത്രത്തിനുണ്ട്. അത്കൊണ്ട് തന്നെ ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുള്ള ആദരം കൂടിയാണ്, അതിന്റെ പുനരാവിഷ്കരണത്തിലൂടെ മോഹൻലാൽ- പ്രിയദർശൻ ടീം നൽകാൻ പോകുന്നത്. മുഴുവനായി ബ്ലാക്ക്‌ ആൻഡ് വൈറ്റിൽ ആണ് പുതിയ ചിത്രവും ഒരുങ്ങുന്നത്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചത് സാബു സിറിലാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close