താര ചക്രവർത്തി മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് രണ്ടു ചിത്രങ്ങളിൽ ആണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമായ മലയാള ചിത്രം ലുസിഫെറിലും കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ വേഷമിടുന്നത്. തമിഴ് ചിത്രത്തിൽ മോഹൻലാൽ- സൂര്യ ടീം ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ രണ്ടു ചിത്രങ്ങളുടെയും സവിശേഷത എന്തെന്നാൽ , ഇതിൽ രണ്ടിലും മോഹൻലാൽ രാഷ്ട്രീയ നേതാവായി ആണ് എത്തുന്നതെന്നതാണ്. ലുസിഫെറിൽ കേരളാ രാഷ്ട്രീയം ആണ് വിഷയം എങ്കിൽ കെ വി ആനന്ദ് ചിത്രത്തിൽ മോഹൻലാൽ കേന്ദ്രത്തിലെ രാഷ്ട്രീയ നേതാവായാണ് എത്തുന്നത് എന്നാണ് സൂചന.
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായാണ് ലുസിഫെറിൽ മോഹൻലാൽ അഭിനയിക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു പക്കാ മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആണ് മുരളി ഗോപി രചിച്ച ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. കെ വി ആനന്ദ് ചിത്രത്തിൽ മോഹൻലാൽ ഒരു കേന്ദ്ര മന്ത്രിയും സൂര്യ അദ്ദേഹത്തിന്റെ ബോഡി ഗാർഡ് ആയ എൻ എസ് ജി കമാൻഡോയുമായാണ് എത്തുന്നത് എന്നാണ് സൂചന. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഏകദേശം നൂറു കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ബോളിവുഡ് താരം ബോമൻ ഇറാനി, തമിഴ് നടൻ ആര്യ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ലൂസിഫർ അടുത്ത വർഷം മാർച്ചിലും , മോഹൻലാൽ- സൂര്യ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിലും റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.