ഇപ്പോൾ കേരളത്തിലേ പൊതുജനങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും ദൃശ്യ- വാർത്താ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചുള്ള വാർത്തകൾ ആണ്. ആറു പേരെ സയനൈഡ് ഉപയോഗിച്ച് വിവിധ കാലഘട്ടങ്ങളിൽ ആയി കൊന്ന ജോളി എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിന്റെ തുടർനടപടികൾ മുന്നോട്ടു നീങ്ങുകയുമാണ്. ഇപ്പോഴിതാ ഈ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ പോകുന്നു എന്നുള്ള വാർത്തയാണ് കേൾക്കുന്നത്. മോഹൻലാൽ ആയിരിക്കും ഈ ചിത്രത്തിൽ നായകനായി എത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആയാണ് മോഹൻലാൽ എത്തുക.
നേരത്തെ തീരുമാനിച്ച ഒരു ത്രില്ലർ കഥയുടെ ഭാഗങ്ങളും കൂടത്തായി സംഭവ വികാസങ്ങളുടെ ഒപ്പം ചേർത്ത് പുതിയ ഒരു കഥയായി ആവും ഈ ചിത്രം അവതരിപ്പിക്കുക എന്നാണ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. അടുത്ത വർഷം ഫെബ്രുവരിയിൽ ആവും ഈ ചിത്രം ആരംഭിക്കുക എന്നും സൂചനയുണ്ട്. ആരായിരിക്കും ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുക എന്നുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ദൃശ്യം എന്ന മഹാവിജയം നമ്മുക്ക് സമ്മാനിച്ച മോഹൻലാൽ- ജീത്തു ജോസെഫ് കൂട്ടുകെട്ട് ഉടനെ ഒന്നിക്കും എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. മേൽ പറഞ്ഞ പ്രോജെക്ടിലൂടെ ആണോ അവർ ഒന്നിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകരിപ്പോൾ. ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ അസാമാന്യ മികവുള്ള ജീത്തു ജോസെഫിൽ നിന്ന് മറ്റൊരു ഗംഭീര ത്രില്ലർ തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ബിഗ് ബ്രദർ എന്ന സിദ്ദിഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു ഈ പ്രൊജക്റ്റ് ഒഫീഷ്യൽ ആയി പ്രഖ്യാപിക്കും എന്നാണ് സൂചന.
മോഹൻലാൽ- ജീത്തു ജോസഫ് ടീം ആദ്യമായി ഒന്നിച്ച ദൃശ്യം ആയിരുന്നു മലയാളത്തിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ നേടിയ ചിത്രം. പിന്നീട് നാല് ഇന്ത്യൻ ഭാഷയിലേക്കും ശ്രീലങ്കൻ, ചൈനീസ് ഭാഷകളിലേക്കും റീമേക് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ- ജീത്തു ജോസഫ് ടീം പുതിയ ചിത്രവുമായി എത്തുന്നു എന്നും അതിൽ തെന്നിന്ത്യൻ താര സുന്ദരി തൃഷ ആയിരിക്കും നായികാ വേഷത്തിൽ എത്തുക എന്നും കുറച്ചു ആഴ്ചകൾക്കു മുൻപ് സ്ഥിതീകരിക്കാത്ത ഒരു റിപ്പോർട്ട് വന്നിരുന്നു.