ബറോസിന്റെ സെറ്റിൽ സംവിധായകനും നടനുമായ പി ബാലചന്ദ്രനു ആദരാഞ്ജലികൾ അർപ്പിച്ചു മോഹൻലാൽ..!

Advertisement

ഇന്നാണ് മലയാള സിനിമയിലെ പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ട് വരികയാണ് മലയാള സിനിമാ ലോകം. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പി ബാലചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടും പ്രത്യേക ചടങ്ങു തന്നെ ഒരുക്കിക്കൊണ്ടാണ് നടൻ മോഹൻലാൽ തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ അതുല്യ കലാകാരന് പ്രണാമം അർപ്പിച്ചത്. പി ബാലചന്ദ്രനുമായി വലിയ സൗഹൃദം പുലർത്തിയ മോഹൻലാൽ ആയിരുന്നു അദ്ദേഹം രചിച്ച കൂടുതൽ ചിത്രങ്ങളിലും നായകൻ. അതിൽ തന്നെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങളാണ് കമൽ സംവിധാനം ചെയ്ത ഉള്ളടക്കം, ടി കെ രാജീവ് കുമാർ ഒരുക്കിയ പവിത്രം എന്നീ ചിത്രങ്ങളിലൂടെ പി ബാലചന്ദ്രൻ സമ്മാനിച്ചത്.

പുലർച്ചെ അഞ്ചോടെ വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു പി ബാലചന്ദ്രൻ. തിരക്കഥാകൃത്ത്, നാടക സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ തിളങ്ങിയ പ്രതിഭയായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായ അങ്കിൾ ബൺ, തച്ചോളി വർഗീസ് ചേകവർ എന്നീ ചിത്രങ്ങളും ദുൽഖർ നായകനായ കമ്മട്ടിപാടവും പി ബാലചന്ദ്രൻ രചിച്ചതാണ്. ഇവൻ മേഘരൂപൻ എന്നീ ചിത്രം സംവിധാനം ചെയ്ത അദ്ദേഹം രചിച്ച അവസാനത്തെ ചിത്രം 2019 ൽ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ്. അന്നയും റസൂലും, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, ചാർളി, കമ്മട്ടിപ്പാടം തുടങ്ങി നാൽപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close