മലയാളം സിനിമയുടെ ചരിത്രത്തിൽ മോഹൻലാൽ എന്ന നടന് ലഭിച്ച ആരാധക വൃന്ദം പോലെ മറ്റൊരു നായകനും ലഭിച്ചിട്ടില്ല. കൊച്ചു കുട്ടികൾ മുതൽ ഒരുപാട് പ്രായമായ വയോവൃദ്ധർ വരെ മോഹൻലാൽ ആരാധകരുടെ കൂട്ടത്തിൽ ഉണ്ട്. കുഞ്ഞു കുട്ടികൾ വരെ ലാലേട്ടനെ അനുകരിക്കുന്നതിന്റെയും ലാലേട്ടനെ ഇഷ്ടപ്പെടുന്നതിന്റെയും രസകരമായ വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ദിവസേന വരുന്നു. യുവാക്കൾക്കിടയിലും സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും സ്ത്രീകൾക്കിടയിലുമെല്ലാം ഒരുപോലെ ഏറ്റവും ശകത്മായ ഫാൻ ബേസ് ഉള്ള വേറെ ഒരു നടൻ മലയാള സിനിമയിൽ ഇന്നില്ല. മോഹൻലാൽ ചിത്രങ്ങൾക്ക് കിട്ടുന്ന അവിശ്വസനീയമായ ഫാമിലി സപ്പോർട്ടും ഈ എല്ലാവിഭാഗത്തിലും വരുന്ന ഫാൻ ബേസ് കൊണ്ടാണ്. പുലി മുരുകൻ കൂടി വന്നതോടെ കൊച്ചു കുട്ടികൾ എല്ലാം മോഹൻലാൽ ഫാൻസ് ആയി എന്ന് പറയുന്ന പോലെ കേരളത്തിലെ പ്രായമായ അമ്മമാർക്ക് പണ്ട് മുതലേ മോഹൻലാൽ “മോൻലാൽ” ആണ്. സ്വന്തം മകനെ പോലെയാണ് അവർ മോഹൻലാൽ എന്ന നടനെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ ചിന്നമ്മ എന്ന ഒരു പ്രായമായ വൃദ്ധ മോഹൻലാൽ എന്ന സ്വന്തം മകനെ പോലെ കരുതുന്ന താരത്തെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
മോഹൻലാലിനെ കാണാൻ നേരത്തെ ഒടിയൻ ലൊക്കേഷനിൽ ചിന്നമ്മ അമ്മ എത്തിയെങ്കിലും അന്ന് അദ്ദേഹത്തെ കാണാൻ വന്ന അനേകം ആളുകളുടെ തിരക്ക് മൂലം അമ്മക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അതിന്റെ വിഷമത്തിലായിരുന്നു ഈ അമ്മ ഇത്രയും നാൾ. ലാലിനെ ഒന്ന് കണ്ടാൽ മതിയായിരുന്നു എന്ന് വിഷമത്തോടെ പറഞ്ഞു കൊണ്ടാണ് അന്ന് ആ അമ്മ അവിടെ നിന്ന് പോയത്. എന്നാൽ ഒടിയൻ ഫൈനൽ ഷെഡ്യൂൾ തുടങ്ങിയപ്പോൾ തന്റെ മാനസ്സ പുത്രനായ മോഹൻലാലിനെ കാണാൻ ഈ അമ്മ വീണ്ടും എത്തി. ഇത്തവണ ഒടിയൻ എന്ന ചിത്രത്തിന്റെ സഹസംവിധായികയായ ആര്ദ്ര നമ്പ്യാരുടെ സഹായത്തോടെ അമ്മ മോഹൻലാലിനെ കണ്ടു. മോഹൻലാലിന്റെ കവിളിൽ തൊട്ടു കൊണ്ട് ആ അമ്മൂമ്മ പറഞ്ഞത് ഇങ്ങനെ, “എനിക്കിനി ചത്താലും വേണ്ടൂലാ.. എന്റെ മോനെ കണ്ടല്ലോ..”. ഇത് പറഞ്ഞു കൊണ്ട് മോഹൻലാലിന് എല്ലാ നന്മകളും നേരുമ്പോൾ ആ ‘അമ്മ കരയുകയായിരുന്നു എന്ന് ആർദ്ര നമ്പ്യാർ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മോഹൻലാൽ ഫാൻ ആണ് ചിന്നമ്മ അമ്മൂമ്മ എന്നും ആർദ്ര പറയുന്നു. ഒരുപക്ഷെ ഈ അമ്മമാരുടെ മനസ്സിൽ തൊട്ടുള്ള സ്നേഹവും പ്രാർഥനയും ആയിരിക്കാം മോഹൻലാൽ എന്ന നമ്മുടെ അഭിമാനത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനും മലയാള സിനിമയിലെ എക്കാലത്തെയും വലിയ താര ചക്രവർത്തിയുമാക്കി മാറ്റിയത്.