മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മലയാള സിനിമയുടെ ബോക്സ് ഓഫീസ് സമവാക്യങ്ങളെ തിരുത്തിയെഴുതിയ ഈ ചിത്രമാണ് ആദ്യമായി അമ്പതു കോടി രൂപ കളക്ഷൻ നേടിയ മലയാള ചിത്രം. കേരളത്തിൽ നിന്ന് മാത്രം നാല്പതിനാല് കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ അറുപത്തിയാറു കോടി രൂപയ്ക്കു മുകളിലാണ്. 75 കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തിയ ഈ ചിത്രം തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, സിംഹളീസ്, ചൈനീസ് ഭാഷകളിലേക്കെല്ലാം റീമേക് ചെയ്യുകയും ചെയ്തു. ജീത്തു ജോസഫ് തന്നെ തിരക്കഥയുമൊരുക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഒരുങ്ങാൻ പോകുന്നത്. ലോക്ക് ഡൌൺ കഴിഞ്ഞാൽ ഉടൻ തന്നെ മോഹൻലാൽ അഭിനയിക്കാൻ പോകുന്ന ചിത്രം ഇതാവും എന്നും ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജീത്തു ജോസഫ് മോഹൻലാൽ ചിത്രമായ റാം പകുതി ഷൂട്ടിംഗ് പൂർത്തിയാക്കി വെച്ചിരിക്കുകയാണ്.
വിദേശത്തു ചിത്രീകരണം തുടങ്ങാനുള്ള സാഹചര്യവും തയ്യാറാവുമ്പോൾ മാത്രമേ റാം പൂർത്തിയാക്കാനാവു എന്നതിനാൽ അതിനു മുൻപ് ദൃശ്യം രണ്ടാം ഭാഗം ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാളെ അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനുള്ള ജന്മദിന സമ്മാനം കൂടിയാണ് ഈ ചിത്രമെന്നാണ് അറിയുന്നത്. അറുപതു ദിവസം കൊണ്ട് കേരളത്തിൽ മാത്രം ചിത്രീകരിക്കുന്ന ചിത്രമായിരിക്കും ഇത്. എല്ലാം ഭംഗിയായി വന്നാൽ ഈ വർഷം തീയേറ്ററുകളിൽ ഇനിയെത്തുന്ന മോഹൻലാൽ ചിത്രമായിരിക്കും ദൃശ്യം 2. ചിത്രത്തിന്റെ ടൈറ്റിൽ ഇങ്ങനെ ആണെങ്കിലും ദൃശ്യത്തിന്റെ നേരിട്ടുള്ള തുടർച്ചയാണോ ഈ സിനിമ ഏന് സംവിധായകൻ വ്യക്തമാക്കിയിട്ടില്ല. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക.