
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ തേടി ബോളിവുഡിൽ നിന്ന് വമ്പൻ ഓഫർ. വൺ നേഷൻ എന്ന പേരിൽ ബോളിവുഡിൽ നിന്ന് ഒരുങ്ങാൻ പോകുന്ന ആറ് എപ്പിസോഡുകളുള്ള മിനി വെബ് സീരിസിന്റെ ഭാഗമാകാനാണ് മോഹൻലാലിന് ക്ഷണം. ദേശീയ അവാർഡ് നേടിയ ആറ് സംവിധായകരാണ് ഒരു മണിക്കൂർ നീളമുള്ള ഈ ആറ് എപ്പിസോഡുകൾ സംവിധാനം ചെയ്യുക. 83 എന്ന ചിത്രത്തിന്റെ നിർമ്മാതാവായ വിഷ്ണു വർദ്ധൻ ഇന്ധുരി നിർമ്മിക്കാൻ പോകുന്ന ഈ വെബ് സീരിസ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. പ്രിയദർശൻ, വിവേക് അഗ്നിഹോത്രി, സഞ്ജയ് പുരണ് സിങ് ചൗഹാൻ, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറ, ഡോക്ടർ ചന്ദ്രപ്രകാശ് ദ്വിവെദി എന്നിവരാണ് ഈ ആറ് എപ്പിസോഡുകൾ ഒരുക്കുന്നത്. ഇന്ത്യയിലെ, ആരാലും അറിയപ്പെടാത്ത പോലെ ആറ് ചരിത്ര നായകന്മാരുടെ കഥയാണ് ഈ ചിത്രങ്ങൾ പറയുക.
അതിൽ പ്രിയദർശൻ ഒരുക്കുന്ന ഭാഗത്തിൽ അഭിനയിക്കാനാണ് മോഹൻലാലിനെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിന്റെ കഥ മോഹൻലാലിന് ഇഷ്ടപെട്ടെന്നും സൂചനയുണ്ട്. വിവേക് അഗ്നിഹോത്രി ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യാൻ കങ്കണ റണൗട്ട് ആണ് എത്തുക എന്നും വാർത്തകൾ വരുന്നുണ്ട്. 1925 മുതലുള്ള നൂറ് വർഷ കാലത്ത്, ഇന്ത്യ മഹാരാജ്യത്തിനു വേണ്ടി വിലപ്പെട്ട സേവനങ്ങൾ നൽകിയിട്ടും വേണ്ടത്ര ആദരം ലഭിക്കാതെ പോയ ആറ് വ്യക്തികളുടെ കഥയാണ് ഈ ആറ് എപ്പിസോഡിലൂടെ പറയാൻ പോകുന്നത്. ഈ വർഷം പകുതിക്ക് ശേഷമോ അവസാനമോ ഈ വെബ് സീരിസ് പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്‍പദമാക്കി ഒരുക്കിയ നെറ്റ്ഫ്ലിക്സ് ആന്തോളജി വെബ് സീരീസിലും പ്രിയദർശൻ ഒരുക്കിയ ഭാഗത്തിൽ മോഹൻലാലാണ് നായകൻ.