100 കോടി ബഡ്ജറ്റിൽ മോഹൻലാൽ-മമ്മൂട്ടി ചിത്രം; വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

മലയാളത്തിന്റെ മെഗാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റ് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ സുഭാഷ്. ഏകദേശം നൂറു മുതൽ 150 ദിവസം ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 90 മുതൽ 100 കോടി വരെ ആയേക്കാം എന്നാണ് സുഭാഷ് പറയുന്നത്.

ഓൺ എയർ കേരള എന്ന യൂട്യൂബ് ചാനലിനോടായിരുന്നു സുഭാഷ് ചിത്രത്തെ കുറിച്ച് സംസാരിച്ചത്. ശ്രീലങ്കയിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ വെച്ച് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഷാർജയിൽ പുരോഗമിക്കുകയാണ്. ഇതൊരു ത്രില്ലർ സിനിമ ആയാണ് ഒരുങ്ങുന്നത് എന്നും ഇനി ശ്രീലങ്ക, ഇന്ത്യ, യു കെ എന്നിവിടങ്ങളിലായി കുറച്ചധികം ഷെഡ്യൂളുകൾ ചിത്രത്തിന് ഉണ്ടെന്നും സുഭാഷ് പറഞ്ഞു. നയൻ‌താര ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Advertisement

ആന്റോ ജോസഫ് , സി ആർ സലിം എന്നിവർ ചേർന്ന് ഒരു പ്രൊഡക്ഷൻ ഹൗസ് പോലെയാണ് സിനിമ നിർമിക്കുന്നത് എന്നും നിർമ്മാണത്തിൽ പങ്കാളിയായ സുഭാഷ് പറയുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് തുല്യ പ്രാധാന്യമുള്ള തിരക്കഥയാണ് ചിത്രത്തിന്റേത് എന്നും അദ്ദേഹം പറഞ്ഞു. ഇതേ കാര്യം സംവിധായകൻ മഹേഷ് നാരായണനും സ്ഥിരീകരിച്ചിരുന്നു.

മഹേഷ് നാരായണൻ തന്നെ തിരക്കഥ രചിച്ച ചിത്രത്തിന് ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി ടീം ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close