![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/12/mammootty-mohanlal-pranav-mohanlal-latest-image-1.jpg?fit=1500%2C780&ssl=1)
മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ചു എത്തുന്നത് എന്നത് കൊണ്ട് തന്നെ പുതിയ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പ്രശസ്ത നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ കല്യാണ വിരുന്നിനാണ് ഇരുവരും ഒരുമിച്ചു എത്തിയത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം തന്നെ, മമ്മൂട്ടി, പ്രണവ് മോഹൻലാൽ എന്നിവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഗംഭീര ലുക്കിലാണ് മോഹൻലാലും മമ്മൂട്ടിയും ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആറാട്ടു എന്ന പുതിയ ചിത്രത്തിലെ ലുക്കിലാണ് മോഹൻലാൽ എങ്കിൽ ലോക്ക് ഡൗണിൽ വീട്ടിലിരുന്നു നീട്ടി വളർത്തിയ മുടിയും താടിയും ഉള്ള ലുക്കിലാണ് മമ്മൂട്ടിയുള്ളതു. ഇനി ചെയ്യാൻ പോകുന്ന ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മുടി നീട്ടി വളർത്തിയ ലുക്കിലാണ് പ്രണവ് മോഹൻലാലിനെ കാണാൻ സാധിക്കുന്നത്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/12/mammootty-mohanlal-latest-image-1-1024x781.jpg?resize=1024%2C781)
കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ മോഹൻലാലിനൊപ്പം, ജനപ്രിയ നായകൻ ദിലീപ്, പ്രണവ് മോഹൻലാൽ എന്നിവർ എത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കല്യാണത്തിന്റെ പല ചടങ്ങുകൾക്കു കിടിലൻ വേഷവിധാനങ്ങളിൽ എത്തിയ മോഹൻലാലിന്റെ ചിത്രങ്ങളെല്ലാം തന്നെ വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. ലോക്ക് ഡൗണിന് ശേഷം ഇതുവരെ അഭിനയിക്കാൻ വീടിനു പുറത്തു വന്നിട്ടില്ലാത്ത മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് അമൽ നീരദ് ചിത്രമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അത് ബിലാൽ ആണെന്ന് പറയുന്നവരും, ചിലപ്പോൾ അതിനു മുൻപ് അമൽ നീരദുമൊത്തു ഒരു വെബ് സീരിസ് ആണ് മമ്മൂട്ടി ചെയ്യാൻ പോകുന്നതെന്നും പറയുന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.