സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. യുവ താരം സിജു വിൽസൺ നായകനായി എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഓണം റിലീസായി സെപ്റ്റംബർ എട്ടിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചും സിനിമയിൽ തനിക്കു നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും മാതൃഭൂമി ഓൺലൈനോട് മനസ്സു തുറന്ന വിനയൻ, മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ചു പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിൽ നിന്നുള്ള ഒട്ടേറെ പേർ തന്നെ തകർക്കാൻ ശ്രമിച്ചെങ്കിലും, അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരില്ലെന്നും, അവർക്കു തന്നോട് ഒരു പകയുമില്ലെന്നും വിനയൻ പറയുന്നു. തന്റെ ഈ ചിത്രത്തിലും അവർ ഭാഗമായിട്ടുണ്ടെന്നും, അത് തന്നോടുള്ള സൗഹൃദം കൊണ്ടാണെന്നും വിനയൻ പറഞ്ഞു.
സിനിമയുടെ തുടക്കത്തിൽ തന്റെ ശബ്ദത്തിലൂടെ മോഹൻലാലും, അവസാനം ശബ്ദ സാന്നിധ്യമായി മമ്മൂട്ടിയും ഇതിന്റെ ഭാഗമായിട്ടുണ്ടെന്ന് വിനയൻ പറയുന്നു. ചരിത്രത്തിലെ തമസ്കരിക്കപ്പെട്ട ഒരു വീരയോദ്ധാവാണ് ആറാട്ടുപുഴ വേലായുധ പണിക്കരെന്നും, അത്കൊണ്ടാണ് അദ്ദേഹത്തിന്റെ ചരിത്രം സിനിമയാക്കാൻ തീരുമാനിച്ചതെന്നും വിനയൻ വെളിപ്പെടുത്തി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സിജു വിൽസൺ എടുത്ത പരിശ്രമം വളരെ വലുതാണെന്നും അതുപോലെ എല്ലാ പ്രതിസന്ധികൾക്കിടയിലും ചിത്രം പൂർത്തിയാക്കാൻ കൂടെ നിന്നത് ഇതിന്റെ നിർമ്മാതാവായ ഗോകുലം ഗോപാലനാണെന്നും വിനയൻ കൂട്ടിച്ചേർക്കുന്നു. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ ഇപ്പോൾ ഒരു കോടി കാഴ്ചക്കാരേയും പിന്നിട്ടു കുതിക്കുകയാണ്. സിജു വിൽസനൊപ്പം വമ്പൻ താരനിര അണിനിരന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ഗംഭീര ആക്ഷൻ രംഗങ്ങളാണെന്നാണ് ട്രൈലെർ കാണിച്ചു തരുന്നത്.