മലയാളത്തിന്റെ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി യൂണിവേഴ്സിൽ അവതരിക്കുന്ന വമ്പൻ ചിത്രം മലൈക്കോട്ടൈ വാലിബൻ നാളെ മുതൽ ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്ക്. മലയാള സിനിമയുടെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള റിലീസായി ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. പ്രത്യകിച്ചും വിദേശ മാർക്കറ്റുകളിൽ മലയാള സിനിമയുടെ ചരിത്രം തന്നെ ഈ ചിത്രം മാറ്റിയെഴുതുകയാണ്. യു കെ യിൽ മാത്രം ആദ്യ ദിനം 550 ലധികം ഷോകൾ കളിക്കുന്ന ഈ ചിത്രം കാനഡയിൽ ഒരു തെന്നിന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസുമായാണ് എത്തുന്നത്. യു എസ് എ യിൽ 175 ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത് റെക്കോർഡ് സൃഷ്ടിക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബൻ, ജർമനിയിലും അമ്പരപ്പിക്കുന്ന റിലീസാണ് നേടിയത്. 45 ഓളം ലൊക്കേഷനുകളിൽ ഇരുപതിൽ കൂടുതൽ പ്രീമിയർ ഷോകളാണ് ഈ ചിത്രം ജർമനിയിൽ മാത്രം കളിക്കുക.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ ഗംഭീര റിലീസ് നേടാൻ പോകുന്ന ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലൊഴികെ തന്നെ അറുപതോളം വിദേശ രാജ്യങ്ങളിലാണ് പ്രദർശിപ്പിക്കാൻ പോകുന്നത്. ഇത്രവും വലിയ ഓവർസീസ് റിലീസ് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒരു ക്ലാസ്സിക് ചിത്രമായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മോഹൻലാൽ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരികൃഷ്ണൻ, സുചിത്ര നായർ തുടങ്ങിയവരും ഇതിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
കന്നഡ ചിത്രം കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ, സൂപ്പർ ഹിറ്റ് തമിഴ് സംഘട്ടന സംവിധായകൻ സുപ്രീം സുന്ദർ എന്നിവർ സംഘട്ടനമൊരുക്കിയ മലൈക്കോട്ടൈ വാലിബന് വേണ്ടി ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ, എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളുടെ റിലീസ് അടുത്തയാഴ്‌ചയാണ്. ലിജോ ജോസ് പെല്ലിശേരിയുടെ കഥക്ക് അദ്ദേഹവും പി എസ് റഫീഖും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.