ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവുമായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇന്ന് തന്റെ അന്പത്തിയൊമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ സോഷ്യൽ മീഡിയയിലൂടെ ലാലേട്ടന് ജന്മദിന ആശംസകളുടെ പെരുമഴ തീർക്കുകയാണ് ഇപ്പോൾ. മലയാള സിനിമാ ലോകവും, ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ ഈ വിസ്മയ താരത്തിനുള്ള ആശംസകൾ ചൊരിയുകയാണ്. ഇപ്പോഴിതാ മോഹൻലാൽ ആരാധകരേയും സിനിമാ പ്രേമികളെയും ഏറെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിട്ടുള്ളതു. മോഹൻലാൽ എന്ന ഇതിഹാസ താരത്തിന്റെ ജീവ ചരിത്രം പുറത്തു വരികയാണ്. അദ്ദേഹം തന്നെയാണ് ഈ വിവരം തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്.
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, “‘മുഖരാഗം’ എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.”. ഒരുപക്ഷെ മലയാള സിനിമയിൽ ഒരു നടനെ കുറിച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത് മോഹൻലാൽ എന്ന നടനെ കുറിച്ചാവാം. അദ്ദേഹത്തെ കുറിച്ച് എത്ര കേട്ടാലും, എത്ര പറഞ്ഞാലും തങ്ങളുടെ ലാലേട്ടനെ എത്ര ആഘോഷിച്ചാലും ഒരു ശരാശരി മലയാളിക്ക് മടുക്കില്ല എന്നത് തന്നെ കാരണം. ഏതായാലും മുഖ രാഗം എന്ന നിധി കയ്യിലേക്കെത്താനുള്ള കാത്തിരിപ്പിലാണ് ഓരോ മോഹൻലാൽ ആരാധകരും ഇപ്പോൾ.