പതിനൊന്നു വർഷം മുൻപ് റിലീസ് ചെയ്ത ഇന്നത്തെ ചിന്താവിഷയം എന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിലെ ചെറിയ വേഷത്തിൽ തുടങ്ങിയ അൻസിബ ഹസ്സൻ എന്ന നടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയത് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യത്തിൽ അഭിനയിച്ചതിലൂടെ ആണ്. 2013 ഇൽ ജീത്തു ജോസെഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകൾ ആയാണ് അൻസിബ അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറിയ ദൃശ്യം അന്സിബയ്ക്കു നേടിക്കൊടുത്തത് വലിയ പോപ്പുലാരിറ്റിയും നടിയെന്ന നിലയിൽ അനേകം അവസരങ്ങളും ആണ്. അന്യ ഭാഷയിൽ വരെ അവസരങ്ങൾ ലഭിക്കാൻ അന്സിബയെ ദൃശ്യത്തിലെ കഥാപാത്രം സഹായിച്ചു. ഇപ്പോഴിതാ അഭിനേതാവ് എന്ന നിലയിൽ നിന്നും സംവിധായികയാകാൻ ഒരുങ്ങുകയാണ് ഈ നടി. അൻസിബ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇന്നലെ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.
അല്ലു & അർജ്ജുൻ എന്നാണ് അൻസിബയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. പുതുമുഖങ്ങൾ ആയിരിക്കും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്കു ജീവൻ നൽകുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം വിവോക്സ് മൂവി ഹൗസിന്റെ ബാനറിൽ ജോബിൻ വർഗീസും ബാബു വിസ്മയയുമാണ് നിർമ്മിക്കുന്നത്. അൻസിബ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് നൗഷാദ് ഷെരീഫും സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്, രെഞ്ജിൻ രാജ് എന്നിവർ ചേർന്നുമാണ്.