
150 കോടി ക്ലബ്ബിൽ എത്തിയ പുലി മുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം നിർമ്മിക്കാൻ പോവുകയാണ് ടോമിച്ചൻ മുളകുപാടം. ഇത്തവണ ഒരുക്കുന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് മാസ്റ്റർ ഡയറക്ടർ ജോഷിയും ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുലി മുരുകന്റെ രചയിതാവ് ഉദയ കൃഷ്ണയുമാണ്. വയനാടൻ തമ്പാൻ എന്നാണ് ഈ ചിത്രത്തിന്റെ പേര് എന്നുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എങ്കിലും ചിത്രത്തിന്റെ പേരൊന്നും ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് ഉദയ കൃഷ്ണ വ്യക്തമാക്കി.
ക്രിസ്മസിന് റിലീസ് ചെയ്യുന്ന മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം മാസ്റ്റർപീസിന്റെ രചന നിർവഹിച്ചിരിക്കുന്ന ഉദയ കൃഷ്ണ, അടുത്തതായി താൻ എഴുതാൻ പോകുന്നത് മോഹൻലാൽ- ജോഷി ചിത്രത്തിന് വേണ്ടിയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സാധാരണ ആക്ഷൻ ചിത്രങ്ങളും ത്രില്ലർ ചിത്രങ്ങളും ഒരുക്കുന്ന ജോഷി ഇത്തവണ ഒരു ഫാമിലി ഡ്രാമയാണ് മോഹൻലാലിന് വേണ്ടി ഒരുക്കുന്നത്.
അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി എന്നെ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ജോഷി- ഉദയ കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടി നായകനാവുന്ന ഒരു വൈശാഖ് ചിത്രം കൂടി ഉദയ കൃഷ്ണ രചിക്കുന്നുണ്ട്. എന്നാൽ ദിലീപ് ചിത്രമായ റൺവേ യുടെ രണ്ടാം ഭാഗം ഇപ്പോൾ ആലോചനയിൽ മാത്രം ആണെന്നും ഉടനൊന്നും അതുണ്ടാവില്ല എന്നും ഉദയ കൃഷ്ണ പറഞ്ഞു. ജോഷിയാണ് റൺവേ സംവിധാനം ചെയ്തത്. വാളയാർ പരമശിവം എന്ന പേരിൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു.
മോഹൻലാൽ ഇപ്പോൾ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ പൂർത്തിയാക്കുകയാണ്. അതിനു ശേഷം ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ചിത്രത്തിലും പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിലും പിന്നീട് പ്രിയദർശൻ അഞ്ചു ഭാഷകളിൽ ആയി ഒരുക്കുന്ന മാസ്സ് ചിത്രത്തിലും അഭിനയിക്കും.
ഭദ്രൻ ചിത്രം, ഷാജി കൈലാസ്- രഞ്ജി പണിക്കർ ചിത്രം, ആയിരം കോടിയുടെ മഹാഭാരത എന്നിവയടക്കം കുറഞ്ഞത് അടുത്ത മൂന്നു വർഷത്തേക്ക് എങ്കിലും മോഹൻലാലിന് ഡേറ്റ് ഇല്ലാത്ത അവസ്ഥയാണ്. ഇതിനിടയിൽ അന്യ ഭാഷ ചിത്രങ്ങൾ ഉൾപ്പെടെ ചില സർപ്രൈസ് പ്രൊജെക്ടുകളും മോഹൻലാലിന്റേതായി ഒരുങ്ങുന്നുണ്ട്.