
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ കോവിഡ് 19 ദുരിത കാലത്ത് പൂർണ്ണമായും സംസ്ഥാന സർക്കാരിനൊപ്പം തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊണ്ട് കൂടെ നിൽക്കുന്ന വ്യക്തിയാണ്. സർക്കാരിന് വേണ്ടി ഒട്ടേറെ കോവിഡ് 19 ബോധവൽക്കരണ വീഡിയോകൾ ചെയ്തു റിലീസ് ചെയ്ത മോഹൻലാൽ ആരോഗ്യ രംഗത്തും നിർണ്ണയം മെഡിക്കോസ് എന്ന ഡോക്ടർമാരുടെ കൂട്ടായ്മ വഴി സഹായമെത്തിക്കുന്നു. കഴിഞ്ഞ ദിവസം കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അൻപത് ലക്ഷം രൂപ നൽകിയ മോഹൻലാൽ ഇപ്പോഴിതാ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കൊപ്പം ചേർന്നു ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോണ്ഫറന്സിങ്ങിലൂടെ സമയം ചിലവിടുകയും അവർക്ക് മാനസിക പിന്തുണ നൽകുകയും ചെയ്യുകയാണ്. ശൈലജ ടീച്ചർ തന്നെയാണ് ഈ വിവരം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചത്.
ശൈലജ ടീച്ചറുടെ വാക്കുകൾ ഇങ്ങനെ, ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാൻ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്‌കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു.