മരക്കാർ തീയേറ്റർ റിലീസ് തന്നെ; മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം വരുന്നു..!

Advertisement

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനം ആണിന്നു. ഇന്ത്യൻ സിനിമാ ലോകം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ ഈ മഹാനടന് ആശംസകൾ നേർന്നു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ. അതോടൊപ്പം മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശം നൽകുന്ന ഒരു വാർത്ത പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് അദ്ദേഹം പങ്കു വെക്കുന്നത്. എന്നാൽ അത് ദൃശ്യം 3 ആയിരിക്കില്ല എന്നും, ദൃശ്യം 3 ഏതാനും വർഷങ്ങൾക്കു ശേഷമേ ഉണ്ടാകു എന്നും അദ്ദേഹം പറയുന്നു. ഇത് പുതിയ ഒരു ചിത്രമാണെന്നും, തങ്ങൾ അതിന്റെ പണിപ്പുരയിൽ ആണെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. ദൃശ്യം 2 ഒരുക്കുന്ന സമയത്തു തന്നെ പ്ലാൻ ചെയ്ത ചിത്രമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

ഇത് കൂടാതെ ജീത്തു ജോസഫ്- മോഹൻലാൽ ചിത്രമായ റാം കൂടി അധികം വൈകാതെ അവർ പൂർത്തിയാക്കും. അതേ സമയം കോവിഡ് പ്രതിസന്ധി കൊണ്ട് ഒരു വർഷത്തിന് മുകളിൽ ആയി റിലീസ് നീണ്ടു പോകുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ തീയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്നും, എത്ര വൈകിയാലും തീയേറ്ററിൽ ആവും ആ ചിത്രമെത്തുക എന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മരക്കാർ, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ സ്വപ്ന ചിത്രമാണ്. ഇത് കൂടാതെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട്, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാൻ എന്നിവയാണ് ഇനി വരാൻ പോകുന്ന മറ്റു മോഹൻലാൽ ചിത്രങ്ങൾ. അതുപോലെ മോഹൻലാൽ ബോക്‌സർ ആയി എത്തുന്ന ഒരു പ്രിയദർശൻ ചിത്രവും ഒരുങ്ങുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close