ദൃശ്യം എന്ന അത്ഭുത വിജയത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ച് ലോഞ്ച് ചെയ്തു. തെന്നിന്ത്യൻ താര സുന്ദരി തൃഷ ആദ്യമായി മോഹൻലാലിനൊപ്പം അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പേര് റാം എന്നാണ്. മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റാം. ഹീ ഹാസ് നോ ബൗണ്ടറിസ് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസും ചിത്രം തീയേറ്ററിൽ എത്തിക്കുന്നത് ആശീർവാദ് സിനിമാസും ആണ്. രമേശ് പി പിള്ളയും മറ്റു രണ്ടു പേരും ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുക.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം കേരളം, ഡൽഹി, കൊളംബോ, ഈജിപ്റ്റ്, ലണ്ടൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ നൂറു ദിവസത്തെ ഒറ്റ ഷെഡ്യൂൾ കൊണ്ട് പൂർത്തിയാക്കും. മലയാള സിനിമയ്ക്കു ആദ്യമായി അമ്പതു കോടി കളക്ഷൻ നേടുന്ന ചിത്രം സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ജീത്തു ജോസഫ്. ഇവരുടെ ദൃശ്യം 75 കോടി രൂപയുടെ ബിസിനസ്സ് ആണ് ആറു വർഷം മുൻപ് നടത്തിയത്. പുലിമുരുകനും ലൂസിഫറും കഴിഞ്ഞാൽ ഇന്നും ഏറ്റവും കൂടുതൽ കേരളാ ഗ്രോസ് നേടിയ ചിത്രം 44 കോടി കേരളത്തിൽ നിന്ന് നേടിയ ദൃശ്യം ആണ്. ഏതായാലും മോഹൻലാൽ- ജീത്തു ജോസഫ് ടീമിൽ നിന്ന് മറ്റൊരു കിടിലൻ ത്രില്ലർ തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.