മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാം ആരംഭിച്ചു; വീണ്ടും തുടങ്ങുന്നത് 3 വർഷത്തിന് ശേഷം

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ എന്നീ ഹാട്രിക്ക് വിജയങ്ങൾക്കു ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് റാം. മൂന്നു വർഷം മുൻപാണ് ഈ ചിത്രം ആരംഭിച്ചതെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിന്ന് പോവുകയായിരുന്നു. ഇതിന്റെ പകുതിയോളം ഷൂട്ടിംഗ് അന്ന് പൂർത്തിയാക്കിയിരുന്നുവെങ്കിലും, ബാക്കി ഭാഗം ചിത്രീകരിക്കേണ്ടത് വിദേശത്തായതിനാൽ കോവിഡ് പ്രതിസന്ധി പൂർണ്ണമായും മാറുന്നത് വരെ കാത്തിരിക്കേണ്ടതായി വന്നു. ഏതായാലും മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് മുതൽ ഇതിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ്. ഇന്ന് എറണാകുളത്തു ആരംഭിക്കുന്ന ഈ ചിത്രത്തിന് ഇവിടെ ഏകദേശം രണ്ടാഴ്ചയോളം ഷൂട്ടിംഗ് ഉണ്ടാകും. അതിനു ശേഷമുള്ള ഇതിന്റെ വിദേശ ഷെഡ്യൂൾ അടുത്ത മാസം മുതൽ ആരംഭിക്കും.

ജീത്തു ജോസഫ് തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളൈ, സുധൻ എസ് പിള്ളൈ എന്നിവർ ചേർന്നാണ്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ തൃഷയാണ് ഇതിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, ആദിൽ ഹുസൈൻ, ആനന്ദ് മഹാദേവൻ, ദുർഗാ കൃഷ്ണ. ലിയോണ ലിഷോയ്, ചന്ദുനാഥ്, സുമൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ എന്നിവരും അഭിനയിക്കുന്നുണ്ട്. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ഇതിന്റെ കൂടുതൽ ഭാഗങ്ങളും ഇനി ഷൂട്ട് ചെയ്യുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close