മലയാള സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രശസ്തനായ കലാകാരനാണ് നടനും രചയിതാവും ഗായകനുമൊക്കെയായ മുരളി ഗോപി. ഇപ്പോൾ ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രത്തിലെ പ്രകടനത്തിലൂടെയും വലിയ പ്രേക്ഷക പ്രശംസ നേടുന്ന മുരളി ഗോപി, മലയാളത്തിലെ മഹാനടനായ ഭരത് ഗോപിയുടെ മകനുമാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഒട്ടേറെ മനോഹരമായ ചിത്രങ്ങളിൽ ഭരത് ഗോപി അഭിനയിച്ചിട്ടുള്ളത് പോലെ ഇപ്പോൾ മുരളി ഗോപിയും മലയാളത്തിലെ ഈ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും അവർക്കു വേണ്ടി തിരക്കഥ ഒരുക്കുകയും ചെയ്യുകയാണ്. മോഹൻലാലിനൊപ്പം ഭ്രമരം, ദൃശ്യം 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ച മുരളി ഗോപി ലൂസിഫർ എന്ന ചിത്രം അദ്ദേഹത്തെ നായകനാക്കി രചിക്കുകയും ചെയ്തു. ഇനി എമ്പുരാൻ, ലൂസിഫർ മൂന്നാം ഭാഗം എന്നിവയും മോഹൻലാലിനെ നായകനാക്കി മുരളി ഗോപി രചിക്കുന്ന ചിത്രങ്ങളാണ്. താപ്പാന, വൺ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മുരളി ഗോപി, എമ്പുരാൻ കഴിഞ്ഞതിനു ശേഷം മമ്മൂട്ടിക്ക് വേണ്ടിയും ഒരു ചിത്രം രചിക്കുന്നുണ്ട്. ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരേയും കുറിച്ച് മനസ്സ് തുറക്കുകയാണ് മുരളി ഗോപി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എമ്പുരാന് ശേഷം മമ്മൂട്ടി സാറിന് വേണ്ടി ഒരു ചിത്രം എഴുതുന്നുണ്ട്. എനിക്ക് അതിരറ്റ ഇഷ്ടമുള്ള നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവർക്ക് വേണ്ടി എഴുതുക എന്നത് ഒരു ബഹുമതിയാണ്. വ്യത്യസ്ത രീതിയിൽ അഭിനയിക്കുന്ന രണ്ടു നടന്മാരാണ് ഇരുവരും. അതുകൊണ്ട് തന്നെ രണ്ടു പേർക്കുമൊപ്പം ജോലി ചെയ്യണം എന്ന് അതിയായ ആഗ്രഹമുണ്ട്. ഇവർക്കൊപ്പം അഭിനയിക്കുമ്പോൾ താൻ തന്റെ കഥാപാത്രത്തെക്കുറിച്ചാണ് ചിന്തിക്കാറുള്ളതെന്നും തന്റെ ജോലി ചെയ്യുക എന്നതാണ് ചിന്ത എന്നും മുരളി ഗോപി പറയുന്നു. തനിക്കു വളരെ ബഹുമാനമാണ് രണ്ടു പേരോടുമെന്നു പറഞ്ഞ മുരളി ഇരുവരേയും കുറിച്ച് പറയുന്നത് ഇങ്ങനെ, സ്വന്തം ചേട്ടനെ പോലെയാണ് ലാലേട്ടനെ ഞാൻ കാണുന്നത്, മമ്മുക്കയാണെങ്കിൽ ഒരു പ്രതാപിയാണ്. രണ്ടു പേർക്കും രണ്ടു വ്യത്യസ്തമായ വ്യക്തിത്വമാണ്. പിന്നെ ഇവർക്കൊപ്പം ജോലി ചെയ്യുന്ന സമയത്തു ഞാൻ എന്റെ കഥാപാത്രത്തെ കുറിച്ചാണ് ചിന്തിക്കുന്നത്.
ഫോട്ടോ കടപ്പാട്: Rohith K Suresh