ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതാവും ഏറ്റവും വലിയ വിജയങ്ങൾ നേടിയ നിർമ്മാതാവുമാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിന്റെ ആശീർവാദ് സിനിമാസിനെ വെല്ലാൻ ഇന്ന് മലയാളത്തിൽ മറ്റൊരു സിനിമാ പ്രൊഡക്ഷൻ- ഡിസ്ട്രിബ്യുഷൻ കമ്പനി ഇല്ല എന്ന് തന്നെ പറയാം. നിർമ്മിച്ച ചിത്രങ്ങളിൽ തൊണ്ണൂറു ശതമാനവും വിജയങ്ങൾ എന്നത് മാത്രമല്ല ഈ നിർമ്മാതാവിന്റെ നേട്ടം, മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലുകളായ പല ചിത്രങ്ങളും ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നത് ആണ്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങൾ ആയ ഒടിയൻ, കുഞ്ഞാലി മരക്കാർ എന്നിവയും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുകയാണ്. ഇത് കൂടാതെ ലൂസിഫർ എന്ന വമ്പൻ ചിത്രം വേറെയും. ഒരു ഡ്രൈവർ ആയിരുന്ന തന്നെ ഈ നിലയിൽ എത്തിച്ചത് തന്റെ ലാൽ സർ ആണെന്നും, ആരെന്തൊക്കെ പറഞ്ഞാലും താൻ ജീവിക്കുന്നത് അദ്ദേഹത്തിന് വേണ്ടി ആണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
മോഹൻലാൽ എന്ന മനുഷ്യന്റെ നിഴലായി നടക്കാൻ സാധിക്കുന്നത് ഒരു മഹാഭാഗ്യം ആണെന്നും മനസ്സിൽ ലാലേട്ടന് ദൈവത്തിന്റെ സ്ഥാനം ആണെന്നും ആന്റണി നെഞ്ചിൽ കൈ വെച്ച് പറയുന്നു. മോഹൻലാൽ ചുരുങ്ങിയത് ഒരു വർഷം ഒരായിരം കഥകൾ എങ്കിലും കേൾക്കുന്നുണ്ട് എന്നും അതിൽ നാലോ- അഞ്ചോ എണ്ണം മാത്രമാണ് ചെയ്യുന്നത് എന്നും ആന്റണി വെളിപ്പെടുത്തി. ചില കഥകൾ താൻ വേണ്ട എന്ന് പറഞ്ഞാലും നമ്മുക്കിത് ചെയ്യാം എന്ന് പറഞ്ഞു മോഹൻലാൽ ചെയ്യാറുണ്ടെന്നും ആന്റണി പറയുന്നു. അവസരം കിട്ടാത്ത ചിലർ ആന്റണി ആണ് തങ്ങളുടെ അവസരം മുടക്കിയതെന്നു പറയുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
പണമിറക്കുന്ന നിർമ്മാതാവിന് ഒരു ചിത്രം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ഇല്ലേ എന്ന് ആന്റണി ചോദിക്കുന്നു. മാത്രമല്ല ലാൽ സാർ തന്നെ ഒരുപാട് കഥകൾ നേരിട്ട് കേൾക്കാറുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി. ചിലപ്പോൾ ചില കഥകൾ വേണ്ട എന്ന് അദ്ദേഹം നേരിട്ട് തന്നെ പറയുകയും ചെയ്യും. വേറെ ഏത് നിർമ്മാതാവിന് മുന്നിലും കഥ പറയാം, ആന്റണിക്ക് മുന്നിൽ പറ്റില്ല എന്ന് പറയുന്നത് താൻ ഒരു ഡ്രൈവർ ആയിരുന്നു എന്നത് കൊണ്ടാണ് എന്നും ആന്റണി പെരുമ്പാവൂർ തുറന്നു പറയുന്നു. മോഹൻലാൽ എന്ന നടന്റെ വിജയ പരാജയങ്ങൾ അറിയാവുന്ന ആൾ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ കഥ കേൾക്കാൻ തനിക്കു അധികാരം ഇല്ല എന്ന് പറയേണ്ട ആൾ ലാൽ സാർ മാത്രം ആണെന്നും ആന്റണി ഉറപ്പിച്ചു പറയുന്നു. കാറിലും ജീവിതത്തിലും പുറകിൽ മോഹൻലാൽ എന്ന വ്യക്തി ഉണ്ടെന്ന ധൈര്യം മാത്രമാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തുന്നു.