ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്കാര നേട്ടം; ആരാധകർക്കും ഗവണ്മെന്റിനും നന്ദി അർപ്പിച്ച് മോഹൻലാൽ

Advertisement

നടനവിസ്‌മയം മോഹൻലാലിന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരമായ നാന്ദി അവാർഡ് ലഭിച്ചത് ഓരോ മലയാളികൾക്കും അഭിമാനമേകുന്ന വാർത്തയായിരുന്നു. ജനതാഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016 ലെ പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനായാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്.

ജനതാ ഗാരേജിലെ പ്രകടനത്തോടെ തെലുങ്കിൽ വലിയൊരു കൂട്ടം ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ മോഹൻലാലിന് കഴിഞ്ഞിരുന്നു. വലിയൊരു അംഗീകാരം തനിക്ക് നൽകിയ ആന്ധ്രാഗവണ്മെന്റിനും ആരാധകർക്കും മോഹൻലാൽ നന്ദി പറയുകയുണ്ടായി. തനിക്ക് നാന്ദി അവാർഡ് നൽകി അംഗീകരിച്ച ആന്ധ്രാപ്രദേശ് ഗവൺമെന്റിന് കൃതജ്ഞത അറിയിക്കുന്നു. ആന്ധ്രയിലെ ആരാധകർ തനിക്ക് നൽകിയ സ്നേഹം വളരെ വലുതാണ്. ഇത്തരത്തിലൊരു അംഗീകാരം കൂടിയായപ്പോൾ അത് ഇരട്ടിമധുരമായെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Advertisement

ജനതാഗാരേജിന്റെ സംവിധായകനായ കൊരട്ടല ശിവ, ജൂനിയർ എൻ.ടി.ആർ, മൈത്രി മൂവി മേക്കേഴ്‌സ്, അണിയറപ്രവർത്തകർ എന്നിവർക്ക് നന്ദി അർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതേ ചിത്രത്തിലെ അഭിനയത്തിന് ജൂനിയര്‍ എന്‍.ടി.ആറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ജനതാഗാരേജിന്റെ സംവിധായകനായ കൊരട്ടല ശിവയ്ക്കാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം. തെലുങ്കിൽ വൻ സാമ്പത്തിക വിജയം നേടിയ ജനതാ ഗാരേജിൽ സത്യ എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

‘ജനതാ ഗാരേജ്’ എന്ന പേരില്‍ വർക്‌ഷോപ്പ് നടത്തുന്നതിനോടൊപ്പം സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു സത്യ. മോഹൻലാലിന്റെ മികച്ച അഭിനയമുഹൂർത്തങ്ങളും ജൂനിയർ എൻടിആറിന്റെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും ഒത്തുചേർന്ന ചിത്രം തെലുങ്ക് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത് .

Advertisement

Press ESC to close