
മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടനുമായ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയാൻ പോവുകയാണ്. ബറോസ് എന്ന പേരിൽ ഒരു ലോക നിലവാരത്തിലുള്ള ത്രീഡി ഫാന്റസി ചിത്രമാണ് മോഹൻലാൽ ഒരുക്കാൻ പോകുന്നത്. ഈ വരുന്ന ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവോദയ ജിജോയും ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരും ആണ്. മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെ അണിനിരക്കും. ഇപ്പോഴിതാ സംവിധായകനാവാൻ പോകുന്ന തന്റെ പ്രിയ സുഹൃത്തിനു ആശംസകളുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ ആണ്.
മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമ ഒരിക്കലും മോശമാവില്ല എന്നും നാല് പതിറ്റാണ്ടു കൊണ്ട് സിനിമയിൽ നിന്ന് നേടിയ അനുഭവ സമ്പത്തു ലാലിന് തുണയാകും എന്നും പ്രിയദർശൻ പറയുന്നു. പത്തു വർഷം മുൻപേ മോഹൻലാലിന് സംവിധാനം ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു എങ്കിലും അത് സംഭവിച്ചത് ഇപ്പോൾ ആണെന്നും പ്രിയൻ പറയുന്നു. മോഹൻലാൽ ഒരു ജീനിയസ് ആണെന്നും ഒന്നും മുൻകൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ലാത്ത മോഹൻലാലിന് മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാവാൻ കഴിയും എന്നും പ്രിയദർശൻ പറഞ്ഞു. ചെറിയ ഒരുപാട് സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന മോഹൻലാലിന്റെ ഒരു സ്വപ്നം കൈലാസത്തിൽ ആരുമറിയാതെ അലയണം എന്നതാണെന്നും പ്രിയദർശൻ വെളിപ്പെടുത്തി. പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്.