മലയാള സിനിമയിലെ ഇന്നത്തെ ഏറ്റവും വലിയ താരം ആരാണെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒരുത്തരമേ ഉള്ളു. അത്കൊണ്ട് തന്നെയാണ് ഒരു മോഹൻലാൽ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാതെ ഒറ്റിറ്റി റിലീസ് ആണെന്ന് വാർത്തകൾ വന്നപ്പോൾ കേരളം മുഴുവൻ അത് ആഴ്ചകളോളം ചർച്ച ആയത്. ഒടുവിൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി, സർക്കാർ ഇടപെട്ട് ഒരു ചിത്രം തീയേറ്ററിൽ എത്തിക്കാൻ തീരുമാനിക്കുകയും സിനിമാ മന്ത്രി തന്നെ പത്ര സമ്മേളനത്തിൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ രണ്ടിന് ആണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ലോകം മുഴുവൻ റിലീസ് ചെയ്യുക. ഇപ്പോഴിതാ മോഹൻലാൽ എന്ന ബ്രാൻഡിന്റെ വില എത്ര വലുതാണ് എന്നു മനസിലാക്കി തരുന്ന മറ്റൊരു കണക്ക് കൂടി പുറത്തു വന്നിരിക്കുകയാണ്.
മരക്കാർ പോലെയൊരു മോഹൻലാൽ ചിത്രവും ഒപ്പം മോഹൻലാൽ തന്നെയഭിനയിച്ച മറ്റ് ചെറിയ ചിത്രങ്ങളും തീയേറ്ററിൽ എത്തിയാൽ കേരളാ സർക്കാരിന് ലഭിക്കുന്ന വിനോദ നികുതി തുക 35 കോടിക്കു മുകളിൽ ആണ്. അത് കൂടാതെ സാംസ്കാരിക ക്ഷേമ നിധി വിഹിതമായും 15 കോടി രൂപ സർക്കാരിന് ലഭിക്കും. ഇതിന്റെ പകുതി പോലും വരുമാനം സർക്കാരിന് നേടിക്കൊടുക്കുന്ന മറ്റൊരു താരം ഇന്ന് മലയാളത്തിൽ ഇല്ല എന്നതാണ് മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തെ ആകാശത്തു എത്തിക്കുന്നത്. 350 മുതൽ 375 കോടി രൂപയുടെ വരെ ബിസിനസ് ആണ് മരക്കാർ ഉൾപ്പെടെയുള്ള ഏതാനും മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിയാൽ നടക്കുക. ഏതായാലും പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ എത്തുന്നതോടെ മലയാള സിനിമ പഴയ ഊർജത്തിലേക്കു തിരിച്ചെത്തും എന്നു തന്നെയാണ് സർക്കാർ വരെ പ്രതീക്ഷിക്കുന്നത്. അത് കൊണ്ടാണ് കേരളാ മുഖ്യമന്ത്രി വരെ ഇടപെട്ട് മരക്കാർ തീയേറ്ററുകളിൽ എത്തിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.