
കഴിഞ്ഞ ദിവസം കൊല്ലത്തു വിജയ് ഫാൻസ് ഉയർത്തിയ 175 അടിയുടെ സർക്കാർ സ്പെഷ്യൽ വിജയ് കട്ട് ഔട്ട് വമ്പൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യൻ സിനിമയിൽ ഒരു സിനിമാ താരത്തിന് വേണ്ടി ഉയർത്തുന്ന ഏറ്റവും വലിയ കട്ട് ഔട്ട് എന്ന റെക്കോർഡ് ആണ് ആ കട്ട് ഔട്ട് നേടിയത്. അതിനു മുൻപേ കേരളത്തിലെ ഏറ്റവും വലിയ കട്ട് ഔട്ട് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിന് വേണ്ടി ആലപ്പുഴയിൽ ഒരുക്കിയത് ആയിരുന്നു. മോഹൻലാൽ ഫാൻസിൽ നിന്ന് വിജയ് ഫാൻസ് ആ റെക്കോർഡ് നേടിയെടുത്തു എന്ന് മാത്രമല്ല ഇന്ത്യയിലെ തന്നെ പുതിയ റെക്കോർഡും സൃഷ്ടിച്ചു. എന്നാൽ മലയാളക്കരയുടെ ചക്രവർത്തി ഒരാളെ ഉള്ളു, അത് മോഹൻലാൽ ആണെന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ പോവുകയാണ് ഓൾ കേരളാ മോഹൻലാൽ ഫാൻസ്.
മോഹൻലാലിൻറെ വമ്പൻ റിലീസ് ആയ ഒടിയൻ എത്തുന്നത് വരുന്ന ഡിസംബർ പതിനാലിന് ആണ്. അതിനു മുൻപ് തന്നെ തിരുവനന്തപുരത്തു, ശ്രീ പദ്മനാഭന്റെ മണ്ണിൽ , മോഹൻലാലിൻറെ ഒടിയൻ സ്പെഷ്യൽ 200 അടിയുടെ കട്ട് ഔട്ട് ഉയർത്താൻ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ തീരുമാനിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തു 200 അടിയുടെ കട്ട് ഔട്ട് ഉയർത്തുമെന്നും അതോടൊപ്പം ഒടിയൻ ഫാൻസ് ഷോ വെളുപ്പിന് അഞ്ചേ മുക്കാൽ മുതൽ ആരംഭിക്കും എന്നും ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിമൽ കുമാർ അറിയിച്ചു. തിരുവനന്തപുരത്തിന് പുറമെ മറ്റു ജില്ലകളിലും വമ്പൻ ഒടിയൻ കട്ട് ഔട്ടുകൾ പൊങ്ങുമെന്നും സൂചനയുണ്ട്.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ മലയാളത്തിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് എത്തുന്നത്. ഈ 200 അടി കട്ട് ഔട്ട് കൂടി എത്തുന്നതോടെ ഒടിയനും മോഹൻലാലും മോഹൻലാൽ ആരാധകരും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി എഴുതി ചേർക്കുമെന്നുറപ്പാണ്.