പുതിയ റെക്കോർഡ് സൃഷ്ടിച്ച് രാജാവിന്റെ മകൻ..!!

Advertisement

കഴിഞ്ഞ ദിവസമാണ് രാജാവിന്റെ മകൻ എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിന്റെ മുപ്പത്തിനാലാം വാർഷികം ആഘോഷിച്ചത്. 1986 ജൂലൈ പതിനേഴിന് റിലീസ് ചെയ്ത ഈ ചിത്രം രചിച്ചത് ഡെന്നിസ് ജോസഫും സംവിധാനം ചെയ്തത് തമ്പി കണ്ണന്താനവുമാണ്. ഒട്ടേറെ കോമഡി ചിത്രങ്ങളിലൂടെയും അതുപോലെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, ആട്ടക്കലാശം പത്താമുദയം തുടങ്ങിയ സൂപ്പർ വിജയങ്ങളിലൂടെയും മലയാള സിനിമയിൽ വലിയ താരമായി മാറിക്കൊണ്ടിരുന്ന മോഹൻലാലിനെ സൂപ്പർ താരമായി ഉയർത്തിയ ചിത്രമാണ് രാജാവിന്റെ മകൻ. അതിലെ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ നടത്തിയ പ്രകടനം ഇന്നും ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശം പകരുന്ന ഒന്നാണ്. രാജാവിന്റെ മകനിലൂടെ സൂപ്പർ താരമായ മോഹൻലാൽ ഇപ്പോൾ മുപ്പത്തിനാല് വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നായി നിലകൊള്ളുകയാണ്. മുപ്പത്തിനാല് വർഷമായി ഒരു ഇൻഡസ്ട്രിയുടെ തലപ്പത്തു തുടരുന്ന മോഹൻലാലിന്റെ സൂപ്പർ താരമെന്ന നിലയിലുള്ള യാത്ര ആരംഭിച്ച ചിത്രമെന്ന നിലയിൽ രാജാവിന്റെ മകന് അദ്ദേഹത്തിന്റെ കരിയറിൽ നിർണ്ണായക സ്ഥാനമാണുള്ളത്.

ഏതായാലും അതിന്റെ മുപ്പത്തിനാലാം വാർഷികമാഘോഷിച്ച മോഹൻലാൽ ആരാധകർ ട്വിറ്ററിൽ ഒരു പുതിയ റെക്കോർഡും സൃഷ്ടിച്ചു കഴിഞ്ഞു. #34YearsOfRajavinteMakan എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് മോഹൻലാൽ ആരാധകർ ട്വിറ്ററിൽ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ആ ആഘോഷം അവസാനിച്ചത് 24 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട മലയാള സിനിമാ ടാഗ് എന്ന റെക്കോർഡും നേടിയെടുത്തു കൊണ്ടാണ്. അഞ്ചു മില്യൺ ട്വീറ്റുകൾ ആണ് ഈ ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ നേടിയെടുത്തത്. ആദ്യമായാണ് ഒരു മലയാള സിനിമാ ഹാഷ് ടാഗ് ഈ നേട്ടം സ്വന്തമാക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഒരു മില്യൺ, രണ്ടു മില്യൺ, നാല് മില്യൺ എന്നീ ഹാഷ് ടാഗ് റെക്കോർഡുകളും സൃഷ്ടിച്ചത് മോഹൻലാൽ ആരാധകർ തന്നെയാണ്. ആദ്യത്തെ മൂന്ന് മില്യൺ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ഈ വർഷം മമ്മൂട്ടി ആരാധകരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close