മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് ശേഷം വളരെ വലിയ രീതിയിൽ ഉള്ള ഡീഗ്രേഡിങ് ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തെ കുറിച്ച് മോശമായി പറയുന്ന കമന്റുകൾ കോപ്പി പേസ്റ്റ് ചെയ്തു വ്യത്യസ്ത ഐഡികളിലൂടെ പല സ്ഥലത്തും പോസ്റ്റ് ചെയ്യുന്നത് മുതൽ ചിത്രത്തിന്റെ സീനുകളും മുഴുവൻ ചിത്രം തന്നെയും യൂട്യൂബിൽ അപ്ലോഡ് ചെയ്തു അതിന്റെ ലിങ്കുകൾ പരത്തുന്നതും ആണ് ആദ്യ ദിനം മുതൽ കാണാൻ സാധിക്കുന്നത്. മോഹൻലാൽ- മമ്മൂട്ടി ആരാധകരുടെ ഫാൻ ഫൈറ്റ് കാരണം തന്നെ ഒട്ടേറെ മമ്മൂട്ടി ആരാധകർ ഇതിനു ചുക്കാൻ പിടിക്കുന്നുണ്ട് എന്ന ആരോപണവും ശ്കതമാണ്. ഇതിനു പിന്നാലെ, മമ്മൂട്ടിയോടെന്ന നിലയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കു വെച്ചത് ശ്രദ്ധ നേടിയിരുന്നു. മരക്കാറിനെതിരെ മമ്മൂട്ടി ആരാധകര്‍ മനപ്പൂര്‍വ്വം വിമര്‍ശനം ഉയര്‍ത്തുകയാണെന്നും അതില്‍ മമ്മൂട്ടി മറുപടി പറയണം എന്നുമായിരുന്നു വിമൽകുമാർ ആവശ്യപ്പെട്ടത്.
എന്നാൽ പോസ്റ്റ് വിവാദമായതോടെ തന്റെ വാക്കുകളിൽ ക്ഷമ ചോദിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. മമ്മൂട്ടി സാറിന് തുറന്ന കത്ത്. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികളോട് മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്, എന്നായിരുന്നു വിമൽ കുമാറിന്റെ ആദ്യ പോസ്റ്റ്. അതിനു ശേഷം ക്ഷമ പറഞ്ഞു കൊണ്ട് വിമൽ ഇട്ട പോസ്റ്റ് ഇങ്ങനെ, AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല.