![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/02/mohanlal-fan-santhosh-varkey-who-become-troll-material-social-media-due-aaraattu-review-now-getting-attention-his-achievements.jpg?fit=1024%2C592&ssl=1)
ആറാട്ട് എന്ന മോഹൻലാൽ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയാണ് മുന്നേറുന്നത്. ആദ്യത്തെ മൂന്നു ദിവസം കൊണ്ട് തന്നെ പതിനെട്ടു കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. എന്നാൽ ഇതിന്റെ റിലീസ് ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ഒരു മോഹൻലാൽ ആരാധകൻ ആണ്. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും അത് അദ്ദേഹം പറഞ്ഞ രീതിയും ആണ് അതിനു കാരണമായത്. അദ്ദേഹത്തെ ട്രോള് ചെയ്‌തും ചിലർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ശരിക്കും ആരാണ് എന്ന് പരിചപ്പെടുത്തിക്കൊണ്ട്, കൊച്ചുവർത്താനം എന്ന യൂട്യൂബ് ചാനലിൽ വന്ന അഭിമുഖം വൈറൽ ആവുകയാണ്.
സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. എൻജിനീയർ ആയ ഇദ്ദേഹം ഐഐട്ടിയിൽ വരെ പി എച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആയാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ജയിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളത്തു പി എച് ഡി ചെയ്യുകയാണ്. തന്റെ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ വേണ്ടിയാണു അദ്ദേഹം ഐഐടി സ്വപ്നം വേണ്ട എന്ന് വെച്ചത്. രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം അതിൽ ഒരെണ്ണം രചിച്ചത് മോഹൻലാലിനെ കുറിച്ചാണ്. ചെറുപ്പം മുതൽ തന്നെ മോഹൻലാൽ എന്ന നടന്റെ ആരാധകൻ ആയ ഇദ്ദേഹം പറയുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതേയും മോഹൻലാൽ എന്ന നടന്റെ ചിത്രങ്ങൾക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട് എന്നാണ്. തനിക്കു എതിരെ ഇപ്പോൾ ഉണ്ടാകുന്ന ട്രോളുകളെ തമാശ ആയി മാത്രമേ കാണുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു.
ഫോട്ടോ കടപ്പാട്: Mollywood Movie Events