വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിൽ അതൃപ്തി അറിയിച്ച് മോഹൻലാൽ; അമ്മ എക്സികുട്ടീവ് യോഗത്തിൽ ക്ഷുഭിതനായി താരം

Advertisement

ഈ അടുത്തിടെ കഴിഞ്ഞ, താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ, പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തതും, അതിനു ശേഷം അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് എൻട്രി” എന്ന പേരിൽ അമ്മയുടെ യൂട്യൂബ് ചാനലിൽ ഇട്ടതും വലിയ വിവാദമായി മാറിയിരുന്നു. അതുപോലെ നടൻ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചതും, നടൻ ഇടവേള ബാബു അമ്മയെ ഒരു ക്ലബ് എന്ന് വിശേഷിപ്പിച്ചതും എരിതീയിൽ എണ്ണയൊഴിച്ചത് പോലെ ആളി പടർന്നു. ഇപ്പോഴിതാ, ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന എക്സികുട്ടീവ് കമ്മിറ്റി യോഗത്തിൽ, അമ്മ പ്രസിഡന്റും മലയാളത്തിന്റെ മഹാനടനുമായ മോഹൻലാൽ ക്ഷുഭിതനായെന്ന വാർത്തയാണ് പുറത്തു വരുന്നത്. വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത നടപടിയിൽ തന്റെ അതൃപ്തി അറിയിച്ച മോഹൻലാൽ, ആ വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടവരേയും വിളിച്ചു ശകാരിച്ചു.

അത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്തെന്ന് ചോദിച്ചുകൊണ്ട് കെ ബി ഗണേഷ് കുമാർ മോഹൻലാലിനയച്ച കത്തിന് പിന്നാലെയാണ് മോഹൻലാൽ ഈ നടപടി സ്വീകരിച്ചത്. മാത്രമല്ല, ആ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത അദ്ദേഹം, യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. വിജയ് ബാബു യോഗത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നുവെന്നു പറഞ്ഞ മോഹൻലാൽ, വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചതാണ് ഏറ്റവും അധികം വിമർശനത്തിന് കാരണമായതെന്നും ചൂണ്ടി കാട്ടി. ഷമ്മി തിലകനെതിരെയുള്ള നടപടികളിൽ അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമാണ് ഉണ്ടാവുകയുള്ളുവെന്നും, അതുപോലെ ഗണേഷ് കുമാർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി മോഹൻലാൽ രേഖാമൂലം നല്കമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close