ബറോസ് തിരക്കഥയിൽ മാറ്റം വരുത്തിയത് ജിജോയുടെ പൂർണ്ണ സമ്മതത്തോടെ; അദ്ദേഹം ഇപ്പോഴും ചിത്രത്തിന്റെ ഭാഗം: മോഹൻലാൽ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഡിസംബറിൽ അവതാർ 2 നൊപ്പം തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ജിജോ ഇതിനെ കുറിച്ച് തന്റെ ബ്ലോഗിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യം എഴുതിയ ഇതിന്റെ തിരക്കഥ മാറ്റേണ്ടി വന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ആ പുതിയ തിരക്കഥ ഒരുക്കിയത് മോഹൻലാലും ടി കെ രാജീവ് കുമാറും ചേർന്നാണെന്നും, അതിനാൽ രചയിതാവെന്ന ക്രെഡിറ്റ് തനിക്ക് അവകാശപ്പെട്ടതല്ല എന്നും ജിജോ പറയുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റം വരുത്താനുള്ള കാരണം മോഹൻലാൽ തന്നെ വ്യക്തമാക്കി. റേഡിയോ സുനോക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.

ജിജോ രചിച്ച തിരക്കഥയിൽ ഷൂട്ട് ചെയ്യാൻ ആരംഭിച്ചെങ്കിലും, കോവിഡ് പ്രതിസന്ധി വന്നതോടെ ചിത്രം മുടങ്ങി പോയി. അതിന് ശേഷം വിദേശത്തു പോയി ഷൂട്ട് ചെയ്യാനോ വിദേശ അഭിനേതാക്കളെ കിട്ടാനോ ബുദ്ധിമുട്ടായി മാറിയതോടെയാണ് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നതെന്ന് മോഹൻലാൽ പറഞ്ഞു. ജിജോയുടെ പൂർണ്ണ സമ്മതത്തോടെയാണ് ഇതിന്റെ തിരക്കഥയിൽ ആവശ്യമായ മാറ്റങ്ങൾ താനും രാജീവ് കുമാറും വരുത്തിയതെന്നും ചിത്രത്തിന്റെ കഥ ജിജോയുടെ തന്നെയാണെന്നും മോഹൻലാൽ പറയുന്നു. മാത്രമല്ല ജിജോയുടെ കീഴിലുള്ള നവോദയ സ്റ്റുഡിയോയിൽ തന്നെയാണ് ഈ ചിത്രം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പലപ്പോഴും സെറ്റിൽ വരികയും തങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്തെന്നും മോഹൻലാൽ വെളിപ്പെടുത്തി. ഇതിലെ വളരെ നിർണ്ണായകമായ ഒരു രംഗം ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ സഹായവും ഉണ്ടായിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Advertisement

ഫോട്ടോ കടപ്പാട്: Aniesh Upaasana

Advertisement

Copyright © 2017 onlookersmedia.

Press ESC to close