മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട്. ഇപ്പോഴും മലയാളത്തിലെ ഈ ക്ലാസിക് കൂട്ടുകെട്ടിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികളും ആരാധകരും ഏറെയുണ്ട്. സിനിമയ്ക്കു അപ്പുറമുള്ള സൗഹൃദവും സഹോദര ബന്ധവുമാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ വിജയ രഹസ്യങ്ങളിലൊന്ന്. മോഹൻലാൽ എന്ന നടനെ ക്യാമറക്കു മുന്നിൽ നിർത്തി സംവിധാനം ചെയ്യാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൂന്നു ഭാഗ്യങ്ങളിൽ ഒന്ന് എന്ന് സത്യൻ അന്തിക്കാട് ഒട്ടേറെ തവണ പറഞ്ഞിട്ടുണ്ട്. അതുപോലെ സ്വന്തം കുടുംബത്തിലേക്ക് ചെല്ലുന്ന ഫീലോടെയാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അഭിനയിക്കുന്നത് എന്ന് മോഹൻലാലും പറയുന്നു. ഇപ്പോഴിതാ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ വേളയിൽ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയ ഒരനുഭവം ശ്രദ്ധ നേടുകയാണ്. മോഹൻലാലിനുള്ളിൽ ഒരു സംവിധായകൻ ഉണ്ടെന്നു അന്തരിച്ചു പോയ മഹാനായ സംവിധായകൻ ഐ വി ശശി സർ ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത് പോലെ ഒരനുഭവമാണ് സത്യൻ അന്തിക്കാടും പറയുന്നതു.
തന്റെ വരവേൽപ്പ് എന്ന സിനിമയിൽ സംഘട്ടന സംവിധായകൻ ത്യാഗരാജന്റെ അഭാവത്തിൽ ഒരു ഫൈറ്റ് സീൻ ചിത്രീകരിച്ചത് മോഹൻലാൽ ആയിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറയുന്നു. വരവേൽപ് എന്ന സിനിമയിലെ ബസ് തല്ലിപൊളിക്കുന്ന ഒരു സംഘട്ടന രംഗം, ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ, മോഹൻലാൽ സ്വന്തമായി സംവിധാനം ചെയ്യുകയായിരുന്നു. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്ന തന്നോട് മോഹൻലാൽ പറഞ്ഞത്, ത്യാഗരാജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി നമുക്ക് ചെയ്യാം എന്നാണെന്നു സത്യൻ അന്തിക്കാട് പറഞ്ഞു. അതുപോലെ കിരീടത്തിന്റെ ക്‌ളൈമാക്‌സ് സംഘട്ടനം, ഉള്ളടക്കം എന്ന ചിത്രത്തിലെ സംഘട്ടനം എന്നിവ സംവിധാനം ചെയ്തതും മോഹൻലാൽ ആണെന്നത് സംവിധായകൻ സിബി മലയിൽ, നടൻ ദിലീപ് എന്നിവർ വെളിപ്പെടുത്തുന്നു. തേന്മാവിൻ കൊമ്പത് എന്ന ചിത്രത്തിലെ ഒരു ഗാന രംഗം കൊറിയോഗ്രാഫി ചെയ്തതും ശോഭനയോടൊപ്പം ചേർന്ന് മോഹൻലാൽ ആണ്. ഇങ്ങനെ ഒട്ടേറെ ചിത്രങ്ങളിലെ പല നിർണ്ണായക രംഗങ്ങളും മോഹൻലാൽ ഒരുക്കിയിട്ടുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രം മാർച്ചു 31 മുതൽ ആരംഭിക്കും.