
ലോകമെങ്ങും കൊറോണ വൈറസ് ഭീഷണി ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ ഈ മാസം അവസാനം വരെ ലോക്ക് ഔട്ട് പ്രഖ്യാപിച്ചും കഴിഞ്ഞു. മറ്റേതു മേഖലയേയും പോലെ ലോകമെങ്ങും സിനിമാ മേഖലയും നിശ്ചലമായി കഴിഞ്ഞു. സിനിമകളുടെ ഷൂട്ടിംഗ് നിർത്തി വെക്കുകയും റിലീസ് മാറ്റുകയും തീയേറ്ററുകൾ അടച്ചിടുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ ഫിലിം ഇന്ഡസ്ട്രികളും ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. വലിയ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ അവസ്ഥയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയില്ല എങ്കിലും ഈയവസ്ഥ ഏറ്റവുമധികം ബാധിക്കുന്നത് സിനിമയിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളെയാണ്. ജോലിയില്ലാതെയാവുന്ന അവർക്കു ദൈനം ദിന കാര്യങ്ങൾ മുന്നോട്ടു നീക്കാൻ പോലും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ മലയാള സിനിമയിലെ സാധാരണ തൊഴിലാളികൾക്ക് സഹായവുമായി ആദ്യമെത്തിയിരിക്കുന്നതു മലയാള സിനിമയുടെ സൂപ്പർ താരമായ മോഹൻലാൽ ആണ്. ഈ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ ചലച്ചിത്ര സംഘടനകൾ ഒരുങ്ങുന്ന സാഹചര്യത്തിൽ ഫെഫ്‌കയാണ് ഈ നീക്കവുമായി മുന്നോട്ടു വന്നത്.
എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തു ചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു എന്നും അതിനു വേണ്ടി വലിയ ഒരു തുക അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും ഫെഫ്ക അറിയിച്ചു. അതിന്റെ ആദ്യ പടിയായി പത്തു ലക്ഷം രൂപ അദ്ദേഹം ഫെഫ്കയുടെ ഈ ഫണ്ടിലേക്കായി നൽകുകയും ചെയ്തു. മോഹൻലാൽ കൂടാതെ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളി വന്നിരുന്നു എന്നും അവർ പറയുന്നു. തമിഴ് സിനിമയിലെ തൊഴിലാളികളെ സഹായിക്കാൻ കഴിഞ്ഞ ദിവസം സൂര്യ, കാർത്തി, രജനികാന്ത്, കമൽ ഹാസൻ, പ്രകാശ് രാജ് എന്നിവർ മുന്നോട്ടു വന്നിരുന്നു.