മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ്, ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 . ആമസോൺ പ്രൈം റിലീസ് ആയി ഫെബ്രുവരി പത്തൊന്പതിനു എത്തുന്ന ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം പ്രശസ്ത ഓൺലൈൻ സിനിമാ മീഡിയ ആയ ഫിലിം കംപാനിയന് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ വരുന്ന ചിത്രങ്ങളെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ ശ്രദ്ധ നേടുകയാണ്. താൻ സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ത്രീഡി ചിത്രത്തെ കുറിച്ചാണ് അദ്ദേഹം ആദ്യം പറയുന്നത്. ആ ചിത്രത്തിൽ അഭിനയിക്കുന്നവർ കൂടുതലും സ്പെയിൻ, പോർട്ടുഗൽ, ഘാന, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണെന്നും, അതുപോലെ ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ തായ്‌ലൻഡിൽ നിന്നുള്ള ആളാണെന്നും മോഹൻലാൽ പറയുന്നു. കോവിഡ് പ്രതിസന്ധി മാറാത്തത് കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുന്നതെന്നും, എല്ലാം നന്നായി വന്നാൽ ഈ വർഷം ഏപ്രിൽ മാസം പകുതിയോടെ ബറോസ് തുടങ്ങാൻ ആണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ താൻ അഭിനയിക്കാൻ പോകുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാൻ എന്ന് തുടങ്ങുമെന്ന് ഉറപ്പു പറയാൻ പറ്റാത്തതും ഇതേ കാരണം കൊണ്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ചിത്രത്തിന്റെ കഥ പൂർത്തിയായി എന്നും തിരക്കഥ പൂർത്തിയാക്കി ഈ വർഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. പക്ഷെ വിദേശ രാജ്യങ്ങളിലെ സ്ഥിതി അനുസരിച്ചു ചിലപ്പോൾ അടുത്ത വർഷം ആദ്യത്തേക്കും ഷൂട്ടിംഗ് തുടങ്ങുന്നത് നീളാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുരളി ഗോപി രചിക്കുന്ന ഈ ചിത്രം ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഇത് കൂടാതെ ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രവും ചെയ്യുന്ന മോഹൻലാൽ, ആശീർവാദ് സിനിമാസ് അമ്മ അസോസിയേഷന് വേണ്ടി നിർമ്മിക്കുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമാകും.