തന്മാത്ര, ഭ്രമരം, പ്രണയം; മൂന്നു ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബ്ലെസി ടീം വീണ്ടും ഒന്നിക്കുന്നു..!

Advertisement

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- ബ്ലെസ്സി ടീം. മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രമൊരുക്കി കൊണ്ടാണ് ബ്ലെസ്സി തന്റെ കരിയർ ആരംഭിച്ചത് എങ്കിലും അതിനു ശേഷമുണ്ടായ മൂന്നു മോഹൻലാൽ ചിത്രങ്ങളാണ് ബ്ലെസ്സിയുടെ കരിയറിനെ ഏറെ തിളക്കമുള്ളതാക്കി മാറ്റിയത്. മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി ഒരുക്കിയ തന്മത്ര, ഭ്രമരം, പ്രണയം എന്നീ മൂന്നു ചിത്രങ്ങളും മലയാളത്തിലെ ക്ലാസ്സിക്കുകളുടെ ലിസ്റ്റിൽ പെടുത്താവുന്ന ചിത്രങ്ങളാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രങ്ങൾക്ക് ശേഷം ബ്ലെസ്സി ഒരുക്കിയ ലോക റെക്കോർഡ് നേടിയ ഡോക്കുമെന്ററിയിലും ശബ്ദ സാന്നിധ്യമായി മോഹൻലാൽ എത്തി. ഇപ്പോഴിതാ പുതിയ വാർത്തകൾ പറയുന്നത് പ്രണയം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- ബ്ലെസി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങാൻ പോവുകയാണ് എന്നാണ്. മോഹൻലാൽ- ബ്ലെസ്സി ടീമിന്റെ ഈ ചിത്രം നിർമ്മിക്കാൻ പോകുന്ന രാജു മല്യത് തന്നെയാണ് ഈ വിവരം പുറത്തു പറഞ്ഞത്. മോഹൻലാൽ- പദ്മരാജൻ ടീമിന്റെ ക്ലാസിക് ആയ നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മോഹൻലാൽ- ബ്ലെസ്സി ടീമിന്റെ ഭ്രമരം എന്നീ ചിത്രങ്ങൾ നിർമ്മിച്ചതും രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്താണ്.

ഈ വർഷം റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രമായ ഫോറൻസിക് നിർമിച്ചതും അദ്ദേഹമാണ്. അതിന്റെ റീമേക് അവകാശങ്ങൾ വിറ്റു പോയതിനെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് തങ്ങളുടെ അടുത്ത നിർമ്മാണ സംരംഭങ്ങൾ ഏതൊക്കെയെന്നു രാജു മല്യത് വെളിപ്പെടുത്തിയത്. മോഹൻലാൽ- ബ്ലെസ്സി ടീമിന്റെ ചിത്രവും ടോവിനോ തോമസ്- അഖിൽ പോൾ ചിത്രവുമാണ് ഇനി ചെയ്യാൻ പോകുന്ന പ്രൊജെക്ടുകൾ എന്നാണ് അദ്ദേഹം പറയുന്നത്. ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രമായ ആടു ജീവിതത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോഴും ബാക്കിയാണ്. അത് തീർത്തിട്ടാണോ അതോ അതിനു മുൻപാണോ ഈ മോഹൻലാൽ ചിത്രം ബ്ലെസ്സി ഒരുക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏതായാലും ഈ മോഹൻലാൽ- ബ്ലെസ്സി ചിത്രം ഒഫീഷ്യലായി പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close