ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ‘ബിഗ് ബോസ്’. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോ വൻ വിജയമായിരുന്നു. ‘ബിഗ് ബ്രദർ’ എന്ന ബ്രിട്ടീഷ് ഷോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ബിഗ് ബോസ്’ ഇന്ത്യയിൽ ആദ്യമായിയെത്തുന്നത്. ഹിന്ദിയിൽ ശിൽപ ഷെട്ടി, അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത് തുടങ്ങിയവർ ഓരോ വർഷങ്ങളിൽ അവതാരകരായി പ്രത്യക്ഷപ്പെട്ടു, എന്നാൽ തമിഴിൽ ബിഗ് ബോസ് ഉലകനായകൻ കമൽ ഹാസ്സനാണ് രണ്ട് വർഷവും കൈകാര്യം ചെയ്തിരുന്നത്, തെലുങ്കിൽ ആദ്യ വർഷം ജൂനിയർ എൻ. ടി. ആറും പിന്നീട് വന്ന വർഷം നാനിയും അവതാരകനായി പ്രത്യക്ഷപ്പെട്ടു. ഏറെ കാത്തിരിപ്പിന് ശേഷം ‘ബിഗ് ബോസ്’ ആദ്യമായി മലയാളത്തിൽ വരുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ അവതാരകനായിയെത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ്.
ഏഷ്യാനെറ്റിൽ ജൂൺ 24 മുതൽ ‘ബിഗ് ബോസ്’ സംപ്രേഷണം ചെയ്തു തുടങ്ങും. മോഹൻലാൽ അവതാരകനായിയെത്തുന്ന ഈ റിയാലിറ്റി ഷോയിൽ 16 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. സിനിമയിലെ ചില പ്രമുഖ താരങ്ങളും ഷോയിൽ പങ്കെടുക്കുന്നുണ്ട് എന്ന് സൂചനയുണ്ട് എന്നാൽ മത്സരാർത്ഥികളുടെ പേരും വിവരവും ഒന്ന് തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഏകദേശം 100 ദിവസം ഒറ്റപ്പെട്ട ഒരു വീട്ടിൽ മൊബൈൽ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെയായിരിക്കും മത്സരാർത്ഥികൾ കഴിയുന്നത്. ബാത്രൂം ഒഴികെ ബാക്കിയുള്ള എല്ലാ സ്ഥലങ്ങളിലും ക്യാമറ ഉണ്ടായിരിക്കും. എൻഡെമോൾ ഷൈൻ പ്രൊഡക്ഷനാണ് മലയാളത്തിൽ ഈ റിയാലിറ്റി ഷോ നടത്തുന്നത്. പുണെയിലെ ലോണവലയാണ് ബിഗ് ബോസിന്റെ ലൊക്കേഷൻ. തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഇന്ത്യയിലെ എല്ലാ ബിഗ് ബോസിലെ പതിപ്പുകളും അവിടെ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്.
മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്സിന്റെ തീം സോങ് മോഹൻലാൽ, ഏഷ്യാനെറ്റ് എം. ഡി മാധവൻ, വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസ്സി ചേർന്ന് പ്രകാശനം ചെയ്തു. സന്തോഷ് വർമ്മയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി സംഗീതം നൽകി വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഞായാറാഴ്ച മുതൽ മലയാളികളുടെ സ്വീകരണ മുറിയിൽ മോഹൻലാലിന്റെ ‘ബിഗ് ബോസ്’ സംപ്രേഷണം ചെയ്തു ആരംഭിക്കും, ഏറെ പ്രതീക്ഷയോടെ മലയാളികൾ ഈ റിയാലിറ്റി ഷോക്ക് വേണ്ടി കാത്തിരിക്കുന്നത്.