കേരളത്തിലെ ഓരോ കായിക പ്രേമികളും ഫുട്ബോൾ പ്രേമികളും തങ്ങളുടെ ഹൃദയത്തിലേറ്റിയ കായിക മാമാങ്കം ആണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് ഈ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ആർമിയായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകളിൽ നിറഞ്ഞു കവിയുന്ന കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയവും രോമാഞ്ചത്തോട് മാത്രമേ നമ്മുക്ക് ഓർക്കാൻ ആവു. ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിൻ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ടീം ഉടമ. എന്നാൽ ഈ കൊല്ലം തന്റെ ഷെയറുകൾ സഹ ഉടമകളായ ചിരഞ്ജീവി, നാഗാർജുന എന്നിവർക്ക് വിറ്റ സച്ചിൻ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് പടിയിറങ്ങിയപ്പോൾ ആരാധകർ കടുത്ത നിരാശയിലായി.
എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ ആവേശം ഇരട്ടിയാക്കുന്ന ഒരു പ്രഖ്യാപനം ആണ് ഇന്ന് ഉണ്ടായതു. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആയി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കൊണ്ട് വന്നിരിക്കുന്നത് മലയാള സിനിമയുടെ താര ചക്രവർത്തിയും കേരളത്തിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനുമായ മോഹൻലാലിനെയാണ്. ഇതോടു കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പൂർവാധികമായി ടീമിനൊപ്പം ആവേശത്തോടെ നിലയുറപ്പിച്ചു കഴിഞ്ഞു. മലയാളികളുടെ ഹൃദയമിടിപ്പായ മോഹൻലാൽ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഫാൻ ബേസ് ഇനിയും കൂടുമെന്നുറപ്പാണ്. നിവിൻ പോളി ആയിരുന്നു കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ. ഈ മാസം ഇരുപത്തിയൊൻപത്തിനു തുടങ്ങുന്ന ടൂർണ്ണമെന്റിൽ കേരളത്തിന്റെ ആദ്യ ഹോം മാച്ച് കൊച്ചിയിൽ ഒക്ടോബർ അഞ്ചിനാണ്. മലയാളി താരം സി കെ വിനീത് ഉൾപ്പെടെ ഒരുപിടി യുവ താരങ്ങളുമായി മികച്ച പോരാട്ടത്തിന് തയ്യാറായി ആണ് കോച് ഡേവിഡ് ജെയിംസിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.